• 23 Oct 2019
  • 10: 06 PM
Latest News arrow

കാലാവസ്ഥാ പ്രവചനത്തിൽ കേമൻ 'തമിഴ്‌നാട് വെതര്‍മാന്‍'

കാലവര്‍ഷം ശക്തമായതോടെ കാലാവസ്ഥാ മാറ്റങ്ങള്‍ ഓരോ സെക്കന്റിലും നിരീക്ഷിക്കുന്ന ഒരാളുണ്ട് ഇങ്ങ് തമിഴ്‌നാട്ടില്‍. മറ്റാരുമല്ല കാലാവസ്ഥാ നിരീക്ഷണത്തില്‍ കൃത്യത കൊണ്ട് പ്രശസ്തനായ തമിഴ്‌നാടിന്റെ 'വെതര്‍മാന്‍' എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍. കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനത്തേക്കാള്‍ ജനങ്ങള്‍ക്ക് വിശ്വാസം  ഈ സാധാരണക്കാരന്റെ പ്രവചനമാണ്. മക്കളുടെ കല്യാണം മഴയില്ലാത്തപ്പോള്‍ നടത്താന്‍ മാതാപിതാക്കള്‍ തേടിയെത്തുന്നതും പ്രദീപിനെയാണ്! 

2012-ലാണ് പ്രദീപ് 'തമിഴ്‌നാട് വെതര്‍മാന്‍' എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നത്. സംശയങ്ങളും സന്ദേശങ്ങളുമായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഈ പേജ്. 57 ലക്ഷം ആളുകളാണ് ഈ പേജ് പിന്തുടരുന്നത്.

2015-ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016-ല്‍ വാര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ കൃത്യമായിരുന്നു. വാര്‍ധ ചുഴലിക്കാറ്റ് ആന്ധ്രയിലെ നെല്ലൂരില്‍ പതിക്കുമെന്നാണു കാലാവസ്ഥാ നീരിക്ഷണകേന്ദ്രം അറിയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ചെന്നൈയിലേക്കാണ് എത്തുകയെന്ന പ്രദീപിന്റെ മുന്നറിയിപ്പാണ് ശരിയായത്.

മഴ ലഭ്യത, ഭൂചലനം, വിവിധ പുഴകളിലെയും മറ്റും ജലനിരപ്പ്, താപനില, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെ കഴിഞ്ഞ 200 വര്‍ഷത്തെ കണക്കുകള്‍ പ്രദീപിന്റെ ശേഖരത്തിലുണ്ട്. തമിഴ്‌നാട് അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഡെപ്യൂട്ടി മാനേജരായ ഇദ്ദേഹം ധനതത്വശാസ്ത്രത്തിലാണ് മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ളത്.

കാലാവസ്ഥയെക്കുറിച്ചുള്ള കാര്യങ്ങള്‍  പ്രദീപ് ജോണ്‍ സ്വന്തമായി പഠിച്ചെടുത്തതാണ്. കേരളത്തിലെ പ്രളയ കാലഘട്ടത്തിലും ഇദ്ദേഹത്തിന്റെ കാലാവസ്ഥാ നിരീക്ഷണങ്ങള്‍ കൃത്യമായിരുന്നു.