'ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം...'; നെഹ്‌റു ട്രോഫി വള്ളംകളി 10-ന്; സച്ചിൻ എത്തുന്നു

ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന് ആലപ്പുഴയും പുന്നമടക്കായലും ഒരുങ്ങി. പത്താം തീയതി ശനിയാഴ്ച നടക്കുന്ന നെഹ്റ്രു ട്രോഫി വള്ളംകളിക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗിനും (CBL) തുടക്കമാവുകയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ചടങ്ങിലെ മുഖ്യാതിഥി. ജലോത്സവത്തിന്റെയും സച്ചിൻ എത്തുന്നതിന്റെയും ആവേശത്തിലാണ് വള്ളംകളി പ്രേമികൾ. ഇതോടനുബന്ധിച്ച് വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക പരിപാടികളും നടക്കും.
20 ചുണ്ടൻ വള്ളങ്ങളാണ് നെഹ്‌റു ട്രോഫിക്കായി പുന്നമടക്കായലിൽ ഇറങ്ങുക. പ്രദർശന വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും മത്സരം വേറെയും നടക്കും. നെഹ്റ്രു ട്രോഫി ഹീറ്റ്സുകൾക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും. ഇതിന്റെ ഫൈനലിനു ശേഷമായിരിക്കും നെഹ്‌റു ട്രോഫിക്കായുള്ള ഫൈനൽ മത്സരം.
30 ലക്ഷം രൂപയുടെ ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
ആലപ്പുഴ പള്ളുരുത്തി ബോട്ട്ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനാണ് കഴിഞ്ഞവർഷത്തെ നെഹ്‌റുട്രോഫി ജേതാവ്.
നെഹ്‌റുട്രോഫി വള്ളം കളിയുടെ ആവേശം ജനങ്ങളിലെത്തിക്കാനായി 'ആവേശം' എന്ന തീംമ്യൂസിക് ആൽബവും സംഘാടകർ പുറത്തിറക്കിയിട്ടുണ്ട്.