• 23 Aug 2019
  • 10: 16 PM
Latest News arrow

നിക്ഷേപത്തട്ടിപ്പ്: സ്വിമ്മിങ് പൂളില്‍ 303 കിലോ വ്യാജ സ്വർണ്ണം!

ബംഗളൂരു: നിക്ഷേപ തട്ടിപ്പ് നടത്താനായി ഉപയോഗിച്ച 303 കിലോ വ്യാജസ്വര്‍ണക്കട്ടികള്‍ കണ്ടെത്തി. ഐഎംഎ ജ്വല്ലറി ഉടമ മൊഹമ്മദ് മന്‍സൂര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ആറുനില കെട്ടിടത്തിലുള്ള സ്വിമ്മിംങ് പൂളില്‍ നിന്നാണ് വ്യാജ സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തത്.

ബംഗളൂരുവിലെ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്‍ക്കുളത്തിനടിയിലാണ് 5,880 വ്യാജ സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ചിരുന്നത്. വലിയ അളവില്‍ സ്വര്‍ണം കാട്ടിയാണ് തന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കാന്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ ആളുകളെ പ്രലോഭിപ്പിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. രാജ്യം വിടുന്നതിന് മുമ്പായാണ് ഈ സ്വര്‍ണ്ണക്കട്ടികള്‍ സ്വിമ്മിംങ് പൂളിന് അടിയില്‍ ഒളിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.

ഐഎംഎ ജ്വല്ലറിയുടെ മറവിൽ  നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം ദുബായിലേക്ക് രക്ഷപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസമാണ് ദില്ലിയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. മന്‍സൂറിന്റെ 209 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഐഎംഎയുടെ 12 ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 25 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.