• 23 Aug 2019
  • 10: 19 PM
Latest News arrow

"കഞ്ചാവടിച്ചാല്‍ തേജ് പ്രതാപ് പാവാടയും ബ്ലൗസും ധരിക്കും"- തുറന്നു പറഞ്ഞ് ഐശ്വര്യ റായി

പട്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനും ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്ര സ്വഭാവമുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായിയുടെ വെളിപ്പെടുത്തല്‍. തേജ് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുമായിരുന്നെന്നും ഐശ്വര്യ പറയുന്നു. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് അവര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

2018 മെയ് മാസത്തില്‍ വിവാഹത്തിന് ശേഷം ഉടന്‍ തന്നെ തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമായതായി ഐശ്വര്യ പറയുന്നു. ചിലപ്പോള്‍ കൃഷ്ണനെ പോലെയും മറ്റുചിലപ്പോള്‍ ശിവനപ്പോലെയും വേഷം ധരിക്കും.

ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യുമെന്നും ഐശ്വര്യ കോടതിയില്‍ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് പലവട്ടം തേജ് പ്രതാപിനോട് പറഞ്ഞെങ്കിലും "കഞ്ചാവ് ഭഗവാന്‍ ശിവന്റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല" എന്നായിരുന്നു പ്രതികരണം.

തേജ് പ്രതാപിന്റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റരീതികളും അദ്ദേഹത്തിന്റെ മാതാവ് റാബ്രി ദേവിയുടെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നുന്നതെന്നും ഐശ്വര്യ വെളിപ്പെടുത്തി.