ഡ്യുറാന്‍ഡ് കപ്പ്: ആദ്യ അങ്കത്തിനൊരുങ്ങി ഗോകുലം കേരള എഫ് സി; ടീമില്‍ 9 മലയാളി താരങ്ങള്‍

കോഴിക്കോട്: ഏഷ്യയിലെ തന്നെ പഴക്കമുള്ള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായ ഡ്യുറാന്‍ഡ് കപ്പില്‍ നാളെ (08 / 08 / 2019 ) ഗോകുലം കേരള എഫ് സി ടീം ആദ്യ പോരാട്ടത്തിനിറങ്ങും. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെയാണ് നേരിടുക. നിലവില്‍ 22 അംഗങ്ങളാണ് ടീമില്‍ ഉള്ളത്.
കരീബിയന്‍ സ്‌ട്രൈക്കറായ മാര്‍ക്കസ് ജോസഫായിരിക്കും ടീമിനെ നയിക്കുക .ഹെന്‍ട്രി കിസ്സേക്ക, ലാല്‍റൊമാവിയ, കെ.എം.മെയ്‌തേയ് എന്നിവര്‍ക്കൊപ്പം മലയാളി താരം കെ.പി.രാഹുലും മുന്നേറ്റനിരയില്‍ ഉണ്ട്. രാഹുല്‍ 2018-ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായിരുന്നു. അവസാനഘട്ടത്തില്‍ ടീമിന്റെ ഭാഗമായെത്തിയ മലയാളി താരം സി.കെ.ഉബൈദാണ് പ്രധാന ഗോള്‍കീപ്പര്‍. റിസര്‍വ് താരങ്ങളായിരുന്ന ഷിബില്‍, മുഹമ്മദ്, ജി.സഞ്ജു എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയാണ് ടീമംഗങ്ങളുടെ അവസാന പട്ടിക പുറത്തിറക്കിയിട്ടുള്ളത്.
കാല്‍പ്പന്താരാധകരെ ആവേശത്തിലാക്കുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാവശ്യമായ ഗൃഹപാഠങ്ങള്‍ക്കൊടുവിലാണ് ഗോകുലം കേരള ടീം യാത്ര തിരിച്ചിട്ടുള്ളത്. മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലും നടത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ ടീമിന് ഗുണം ചെയ്യും എന്നാണ് വിദദ്ധരുടെ വിലയിരുത്തലുകള്‍.
1997-ലാണ് കേരളം ആദ്യമായി ഡ്യുറാന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിടുന്നത്. എഫ്.സി.കൊച്ചി വിജയകിരീടം ചൂടിയ 97-ലെ ടീമിനെ നയിച്ചത് ഐ.എം.വിജയനായിരുന്നു.
ആര്‍മി ഗ്രീന്‍ ടീമാണ് നിലവിലെ ചാമ്പ്യന്‍മാര്‍. കൊൽക്കത്തയിലാണ് മത്സരങ്ങൾ നടക്കുന്നത്.