• 23 Aug 2019
  • 10: 09 PM
Latest News arrow

സ്വര്‍ണ്ണവില മുന്നോട്ട് തന്നെ; പവന് 26,800 രൂപ

റെക്കോര്‍ഡുകൾ മറികടന്ന് സ്വര്‍ണ്ണവില കുതിപ്പ് തുടരുന്നു. പവന് ഇന്ന് 200 രൂപ വർദ്ധിച്ച് 26,800 രൂപയായി. ഇന്നലെ (ഓഗസ്റ്റ് 5) ഗ്രാമിന് 3,325 രൂപ ആയിരുന്ന സ്വര്‍ണ്ണത്തിന് ഇന്ന് ഗ്രാമിന് 3,350 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്കാണിത്.

അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കുന്ന സാമ്പത്തിക മാന്ദ്യവും അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങളും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും സ്വര്‍ണ്ണവില ഉയരാനിടയാക്കി. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ വലിയ തോതില്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും അന്താരാഷ്ട്ര വിപണിയില്‍ വില വലിയ രീതിയില്‍ ഉയരാനിടയാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,461.02 ഡോളറാണ് ഇന്നത്തെ നിരക്ക് ( ഒരു ട്രോയ് ഔൺസ് =31.1035 ഗ്രാം). ഇന്ന് 18 ഡോളറിന്‍റെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് 22,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ 20ശതമാനത്തിന്റെ വർധനയാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ സ്വര്‍ണവില അടുത്ത് തന്നെ 28,000 ത്തിന് മുകളില്‍ എത്തിയേക്കുമെന്നാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്.