• 23 Aug 2019
  • 10: 26 PM
Latest News arrow

ഹജ്ജ്: അനധികൃതമായി എത്തിയവരെ തിരിച്ചയച്ചു; പുണ്യസ്ഥലങ്ങളിൽ 20 താൽക്കാലിക കോടതികൾ

റിയാദ്: അനധികൃത മാർഗ്ഗത്തിലൂടെ ഹജ്ജ് നിർവ്വഹിക്കുന്നത് തടയാൻ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു. സുരക്ഷയുടെ ഭാഗമായി അനുമതിപത്രമില്ലാതെ മക്കയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 9915 പേരെ പിടികൂടി തിരിച്ചയച്ചായി ഹജ്ജ് സുരക്ഷാസേന വക്താവ് അറിയിച്ചു. ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ഇല്ലാതിരുന്ന 1,73,223 വാഹനങ്ങളും തിരിച്ചയച്ചു. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാത്ത 181 വ്യാജ സർവീസ് ഓഫീസുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ് വേളയിൽ മക്കയിൽ ജോലിചെയ്യുന്നതിന് അനുമതിപത്രമില്ലാതിരുന്ന 3,89,359 വിദേശികളെയും തിരിച്ചയച്ചിട്ടുണ്ട്. പുണ്യ സ്ഥലങ്ങളിൽ ഹജ്ജ് നിയമവ്യവസ്ഥകൾ ലംഘിച്ച 277 വിദേശികളെയും പിടികൂടി.

മക്കയിലേക്കും മദീനയിലേക്കുമുള്ള മുഴുവൻ വഴികളിലും നിരീക്ഷണം ശക്തമാക്കിയതായും ഹജ്ജ് സുരക്ഷാസേന അറിയിച്ചു.

ഹജ്ജുമായി ബന്ധപ്പെട്ട് പുണ്യസ്ഥലങ്ങളിൽ 20 താൽക്കാലിക കോടതികളും സ്ഥാപിച്ചു. മക്ക മസ്‌ജിദുൽ ഹറം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായി 20 താത്കാലിക സെഷൻസ് കോടതികൾ സ്ഥാപിച്ചതായി നീതിന്യായ മന്ത്രാലയമാണ് അറിയിച്ചത്. തീർത്ഥാടകരുടെ പരാതികൾ ഏറ്റവും വേഗത്തിൽ പരിഹരിക്കുകയാണ് ഈ കോടതികളുടെ  ലക്ഷ്യം. തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ച് സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രവർത്തിക്കും. തീർത്ഥാടകരുടെ പരാതികളും അന്യായങ്ങളും ഏറ്റവും വേഗത്തിൽ പരിഹരിക്കുന്നതിനാണ് മന്ത്രാലയം ഈ സേവനം ഏർപ്പെടുത്തിയത്.