• 23 Aug 2019
  • 10: 25 PM
Latest News arrow

വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവുന്നു; നായിക 'കുമ്പളങ്ങിയിലെ ബേബിമോൾ'

2016-ൽ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിന് ശേഷം പിന്നണി ഗായകനും, നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ രണ്ടാമത് നിർമ്മിക്കുന്ന ചിത്രമാണ് 'ഹെലൻ . 'കുമ്പളങ്ങി നൈറ്റ്സി'ലെ ബേബി മോളെന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അന്നാ ബെൻ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ആരംഭിക്കുന്നതായുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ആൽഫ്രെഡ് കുര്യൻ ജോസഫ്, നോബിൾ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം വിശാഖ് സുബ്രമണ്യം, അജുവർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുക. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഷാൻ റഹ്‌മാനാണ്.

The chicken hub എന്ന റെസ്റ്റോറന്റിലെ ഡെലിവറി ഗേൾ ആയാണ് അന്നാ ബെൻ വേഷമിടുന്നതെന്ന സൂചനയാണ് ആദ്യ പോസ്റ്റർ നൽകുന്ന സൂചന.  ലാൽ പോൾ, അജുവർഗീസ്, റോണി ഡേവിഡ് രാജ് എന്നിവർക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കും എന്ന് വിനീത് ശ്രീനിവാസൻ തന്റെ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.