• 23 Aug 2019
  • 10: 20 PM
Latest News arrow

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തലയെ പരിഗണിക്കരുതോ?

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പല പേരുകളും പരിഗണിക്കുന്ന കൂട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താവുന്ന ഒരാളുണ്ട്  കേരളത്തില്‍ - പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.

താരതമ്യേന ചെറുപ്പമായ രമേശിന് പാര്‍ട്ടിയില്‍ മറ്റു പല നേതാക്കളേയും പോലെ പാരമ്പര്യവും  പരിചയസമ്പത്തുമുണ്ട്. കേരളത്തില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. എട്ടു കൊല്ലം തുടര്‍ച്ചയായി കെപിസിസി പ്രസിഡന്റായിരുന്നു. സംസ്ഥാനത്ത് നിന്നും മുന്നു തവണ എംഎല്‍എയും മൂന്നു തവണ എംപിയുമായിട്ടുണ്ട്. കരുണാകരന്‍ മന്ത്രിസഭയില്‍  29ാം വയസില്‍ ഗ്രാമവികസന മന്ത്രിയായി. പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പു മന്ത്രിയുമായി.

ദേശീയതലത്തിലാവട്ടെ എന്‍എസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷനായിരുന്നു. എഐസിസി ജനറല്‍സെക്രട്ടറിയായിരുന്നു. ഇന്ദിരാഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെയും വിശ്വസ്ഥനായിരുന്നു.

പാര്‍ലിമെന്റില്‍  ശോഭിച്ച കേരളാ എംപി മാരില്‍ ഒരാളാണ് രമേശ്‌. അനായാസമായി ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനാവുമെന്നതാണ്  രമേശിന്റെ മറ്റൊരു യോഗ്യത. അത് കൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യനാണ് ചെന്നിത്തല.  ഏത് സംസ്ഥാനങ്ങളില്‍ ചെന്നാലും അവിടങ്ങളിലെ പ്രമുഖരായ നേതാക്കളില്‍ ചുരുങ്ങിയത് 25 പേരെയെങ്കിലും പേരെടുത്ത് വിളിച്ച് സൗഹൃദം പങ്ക് വെക്കാന്‍ രമേശിന് പ്രയാസമില്ല.
 കോണ്‍ഗ്രസില്‍ നിന്നും പിണങ്ങിപോയ നേതാക്കളേയും  അവര്‍ നയിക്കുന്ന പാര്‍ട്ടികളേയും മാതൃസംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍  രമേശിന് സാധിച്ചേക്കും.

ബംഗാളില്‍ മമതാ ബാനര്‍ജിയേയും മഹാരാഷ്ട്രയില്‍ ശരത്പവാറിനേയും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിക്കാനോ അതുമല്ലെങ്കില്‍ ഈ പാര്‍ട്ടികളുമായി  നല്ലൊരു കൂട്ടുകെട്ടില്‍ എത്തിക്കാനോ സാധിച്ചുകൂടെന്നില്ല . തൃണമൂല്‍ കോണ്‍ഗ്രസിലേയും എന്‍സിപിയിലേയും ലോകസഭാംഗങ്ങള്‍ യോജിച്ചാല്‍ പാര്‍ലിമെന്‌റില്‍  മികച്ചൊരു പ്രതിപക്ഷമാവാനാവും. പാര്‍ട്ടിയിലുള്ളപ്പോള്‍ ബംഗാളിലെ ദീദിയുമായി  ഉണ്ടായിരുന്ന സൗഹൃദം  ഇപ്പോഴും പോറല്‍  എല്‍ക്കാതെ നിലനിര്‍ത്തുന്നുണ്ട് രമേശ്‌.  കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഉപേക്ഷിച്ച രാഹുല്‍ ഗാന്ധിയെ നിര്‍ബന്ധിച്ച് പ്രതിപക്ഷ നേതാവുമാക്കാം. രാജ്യത്ത് കോണ്‍ഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടു വരാന്‍ രാഹുല്‍ - രമേശ്‌ കൂട്ടുകെട്ടിന് സാധിച്ചുകൂടെന്നില്ല.

കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് തലവന്‍  ഉണ്ടാവുകയെന്നത് മലയാളികളെ സംബന്ധിച്ചേടത്തോളം അഭിമാനകരമാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഒറ്റപ്പാലത്തുകാരനായ സര്‍ .സി. ശങ്കരന്‍ നായര്‍ മാത്രമാണ്  ഈ പദവി വഹിച്ചിട്ടുള്ള ഏക  മലയാളി.  കാമരാജും സജ്ഞീവ റെഡ്ഡിയുമല്ലാതെ മറ്റൊരു ദക്ഷിണേന്ത്യക്കാരന്‍ ഇതുവരേ ഈ സ്ഥാനത്ത് വന്നിട്ടുമില്ല.