• 23 Oct 2019
  • 10: 10 PM
Latest News arrow

വാഹനമോടിക്കുന്നവർ ജാഗ്രതൈ...നിയമലംഘകർക്ക് കടുത്ത ശിക്ഷ

അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെട്ടാൽ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: വാഹനം ശ്രദ്ധാപൂർവ്വം ഓടിക്കാത്തവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. കാറിന്റെ പിൻ സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമവും ബൈക്കിന്റെ പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്ന നിയമവും പാലിക്കുന്നുണ്ടോ എന്ന കാര്യം ഇനി മുതൽ കേരളത്തിലും സൂക്ഷപരിശോധനയ്ക്ക് വിധേയമാക്കും. മറ്റ് റോഡ് നിയമങ്ങളും കർശനമാക്കും. ഒപ്പം എല്ലാ നിയമലംഘനങ്ങള്‍ക്കും പിടി വീഴും.

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പും പൊലീസും വിവിധ വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനവ്യാപകമായി നടത്തുന്ന വാഹനപരിശോധനയ്ക്കും ഇന്ന് തുടക്കമായിരിക്കുകയാണ്. അപകട നിരക്കും അപകടമരണ നിരക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക പരിശോധന. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ഓരോ ദിവസവും ഓരോ തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനം.  ഏഴാം തീയതി വരെ സീറ്റ് ബെല്‍റ്റ്, എട്ട് മുതല്‍ 10 വരെ അനധികൃത പാര്‍ക്കിംഗ്, 11 മുതല്‍ 13 വരെ അമിത വേഗത, 14 മുതല്‍ 16 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ലെയ്ന്‍ ട്രാഫിക്ക്, 17 മുതല്‍ 19 വരെ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, 20 മുതല്‍ 23 വരെ സീബ്രാ ക്രോസിംഗ്, റെഡ് സിംഗ്നല്‍ ജമ്പിങ്ങ്, 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 28 മുതല്‍ 31 വരെ വാഹനങ്ങളിലെ എക്സ്ട്രാ ഫിറ്റിംഗ്, കൂളിംഗ് ഫിലിം എന്നിങ്ങനെ തരംതിരിച്ച് പരിശോധിക്കും.