• 06 Dec 2019
  • 12: 52 AM
Latest News arrow

ഇത് ജോഷി ടച്ച്..."പൊറിഞ്ചുമറിയംജോസ്'; വെടിക്കെട്ട് ട്രെയ്‌ലർ പുറത്തിറങ്ങി

നാല് വർഷത്തെ ഇടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചുമറിയംജോസ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പുറത്തിറക്കി. 'ലൈല ഓ ലൈല' എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ്‌ ജോഷി നടത്തിയതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. കാട്ടാളൻ പൊറിഞ്ചുവിനെയും ആലപ്പാട്ട് മറിയത്തെയും പുത്തൻപള്ളി ജോസിനെയും ആവേശഭരിതരായ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന രീതിയിലാണ് ട്രെയ്‌ലർ പുറത്തെത്തിയിട്ടുള്ളത്.

തൃശൂർ ജില്ലയിലുള്ള മൂന്ന് വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷഭരിതമായ ചില മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. 'ജോസഫി'ന് ശേഷം ജോജു ജോർജ് കേന്ദ്ര കഥാപാത്രമായ കാട്ടാളൻ പൊറിഞ്ചുവായി എത്തുന്ന ചിത്രത്തിൽ ആലപ്പാട്ട് മറിയമായി നൈല ഉഷയും പുത്തൻപള്ളി ജോസ് ആയി ചെമ്പൻ വിനോദുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആഗസ്റ്റ് 15ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ വിജയരാഘവൻ, രാഹുൽ മാധവ്, ഇന്നസെന്റ്, ഐ.എം. വിജയൻ, ടി.ജി. രവി, സുധി കൊപ്പ, കൈനകരി തങ്കരാജ്, അനിൽ നെടുമങ്ങാട്, കലാഭവൻ നിയാസ്, വിജു കൊടുങ്ങല്ലൂർ, സ്വാസിക, മാലാ പാർവതി, സരസ ബാലുശ്ശേരി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തും.

കീർത്തനാ മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.  അഭിലാഷ് സി. ചന്ദ്രന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ജോഷി ടച്ചിൽ ആയതുകൊണ്ട് തന്നെ സിനിമ പ്രേമികൾ ആവേശത്തിലാണ്.