• 02 Mar 2021
  • 12: 38 AM
Latest News arrow

കോലിക്കും രാഹുലിനും സെഞ്ച്വറി

സിഡ്‌നി:  തന്റെ ആദ്യടെസ്റ്റ് കളിക്കാനിറങ്ങിയ കെ എല്‍ രാഹുലിന് മെല്‍ബണിലെ തന്റെ അരങ്ങേറ്റം ഒരു പേടിസ്വപ്‌നമായിരുന്നെങ്കില്‍ സിഡ്‌നിയില്‍ അത് ഒരു സ്വപ്‌നസാക്ഷാത്കാരമായി. മെല്‍ബണില്‍ ഈ കര്‍ണാടകക്കാരന്‍ രണ്ടു തവണ ഏതാണ്ട് ഒരേപോലെ കുറുകെ പന്തടിച്ച് എളുപ്പത്തില്‍ ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. ഒരു പന്തുപിടിത്തം പാഴാക്കുകയുംചെയ്തു പോരാതെ. 

സിഡ്‌നി ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഒപ്പം രാഹുലും സെഞ്ച്വറി നേടി. കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ 5 വിക്കറ്റിന് 342 റണ്‍സെടത്തിട്ടുണ്ട്. പരമ്പരയില്‍ തന്റെ നാലാമത്തെ സെഞ്ച്വറി നേടിയ കോലി 140 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഓപ്പണറായി കളിക്കാന്‍ അവസരം കിട്ടിയ രാഹുല്‍ 110 റണ്‍സെടുത്ത് പുറത്തായി. വൃദ്ധിമാന്‍ സാഹയാണ് 14 റണ്‍സുമായി കോലിയോടൊപ്പം.

 ചായക്കു ശേഷം ഓസ്‌ട്രേലിയ രണ്ടു വിക്കറ്റെടുത്തെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ ദിവസമായിരുന്നു ഇത്. ഓസ്‌ട്രേല്യയില്‍ ടെസ്റ്റില്‍ നാല് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് കോലി. ഇംഗ്ലണ്ടിന്റെ പഴയ കാല താരങ്ങളായ ഹെര്‍ബര്‍ട്ട് സട്ക്ലിഫ്, വാലി ഹാമണ്ട് എന്നിവരാണ് കോലിക്ക് കൂട്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കുവേണ്ടി 619 റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡും കോലി മറികടന്നു.

 ചായക്കുശേഷം വാട്‌സന്‍ തുടരെ രണ്ടു പന്തുകളില്‍ രണ്ടു വിക്കറ്റ് നേടി. അചിങ്ക്യ രഹാനെയാണ് (13) ആദ്യം എല്‍ബിഡബ്ല്യൂ ആയി പുറത്തായത്. പിന്നാലെ അടുത്തപന്തില്‍ റെയ്‌നയുടെ ഇന്നിംഗ്‌സും അവസാനിച്ചു. ലഞ്ചിനുമുമ്പ് ഓസ്‌ട്രേല്യക്ക് ഒരു വിക്കറ്റേ വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. രോഹിത് ശര്‍മ 53 റണ്‍സ് നേടിയ ശേഷം റയന്‍ ഹാരിസിനെതിരെ പുറത്തായി. 

മിച്ചല്‍ സ്റ്റാര്‍ക്2, വാട്‌സന്‍2, ലയണ്‍1 എന്നിവര്‍ വിക്കറ്റുകള്‍ പങ്കിട്ടു.

ഏഴു വിക്കറ്റിന് 572 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഓസ്‌ട്രേലിയയുടെ 230 റണ്‍സ് പുറകിലാണ് ഇന്ത്യ ഇപ്പോള്‍.