• 06 Dec 2019
  • 01: 45 AM
Latest News arrow

സ്റ്റാർ ജാമുമായി 'പൊന്നിയിൻ സെൽവൻ'; ഞെട്ടിപ്പിക്കുന്ന കാസ്റ്റിങ്ങുമായി മണിരത്നം

ചോളരാജാവായിരുന്ന രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമ്മന്റെ ജീവിതത്തെയും കാലഘട്ടത്തെയും ആസ്പദമാക്കി കൽക്കി കൃഷ്ണമൂർത്തി രചിച്ച 'പൊന്നിയിൻ സെൽവൻ' എന്ന നോവലിനെ ആധാരമാക്കി മണിരത്നം തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് ഒരുങ്ങുന്നു.

തമിഴ് സാഹിത്യ ലോകത്തെ ബ്രഹ്‌മാണ്ഡ ചരിത്രനോവൽ എന്ന് മുദ്ര കുത്തപ്പെട്ട 'പൊന്നിയിൻ സെൽവൻ' മണിരത്നം മാജിക്കിലൂടെ സിനിമയാകുമ്പോൾ  ഞെട്ടുന്ന കാസ്റ്റിങ്ങിനാണ് ഇന്ത്യൻ ചലച്ചിത്രലോകം സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. വിക്രം കേന്ദ്ര കഥാപാത്രമായി എത്തുമെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയേക്കാവുന്ന ചില പേരുകൾ കൂടി പുറത്ത് വരുന്നത്.

എ.ആർ.റഹ്മാൻ സംഗീത സംവിധാനവും, ഇളങ്കോ കുമാരവേൽ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ ജയം രവി, കാർത്തി, ഐശ്വര്യ റായ്, അഥർവ്വ, നയൻ‌താര, അനുഷ്ക ഷെട്ടി, അമലാപോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാർത്ഥിപൻ, ശരത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും എന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.

എം.ജി.ആർ ഉൾപ്പെടെ നിരവധിപേർ നോവലിനെ ആസ്പദമാക്കി 'പൊന്നിയിൻ സെൽവൻ' സിനിമയാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പല കാരണങ്ങളാൽ പദ്ധതികൾ ഉപേക്ഷിക്കപെടുകയായിരുന്നു. ഏഴു കൊല്ലത്തെ കാത്തിരിപ്പിനും, പ്രാരംഭഘട്ട പ്രവർത്തനങ്ങൾക്കും ഒടുവിലാണ് 2,400 പേജുകളിലായി അഞ്ച് ഭാഗങ്ങളുള്ള നോവൽ ചുരുക്കി രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കി മാറ്റുവാൻ മണിരത്നം തയ്യാറെടുക്കുന്നത്.

ലോക സിനിമാ പ്രേക്ഷകർക്ക് മുന്നിൽ  വിസ്മയങ്ങൾ തീർക്കാൻ 'പൊന്നിയിൻ സെൽവൻ' 2020 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും എന്നുള്ള വിവരങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. ചിത്രത്തിൽ മോഹൻലാലിനെയോ കമൽ ഹാസനെയോ പ്രധാന കഥാപാത്രങ്ങളാക്കുമെന്നുള്ള സൂചനകൾക്കൊപ്പം അമിതാബ് ബച്ചനും സ്റ്റാർ ജാം പട്ടികയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. ഛായാഗ്രഹണം രവി വര്‍മ്മൻ നിർവ്വഹിക്കും. നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത് ലൈക പ്രൊ‍ഡക്‌ഷൻസ്.

2015-ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം' പൊന്നിയിന്‍ സെല്‍വ'ന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ഈ ചലച്ചിത്രം നിര്‍മിച്ചത്.