• 23 Aug 2019
  • 10: 26 PM
Latest News arrow

ചെറിയ ചലച്ചിത്രങ്ങളുടെ പെരുമഴ; ഈയാഴ്ച 6 മലയാളം റിലീസുകൾ

ചലച്ചിത്രാരാധകർ കാത്തിരിക്കുന്ന ദിവസമാണ് വെള്ളിയാഴ്ചകൾ. പൊതുവെ ചലച്ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് ഈ ദിവസമാണ്. ഒരു റിലീസെങ്കിലും ഇല്ലാത്ത വെള്ളിയാഴ്ചകൾ വിരളവുമാണ്. വർത്തമാനകാലത്ത് ചെറിയ ബജറ്റിൽ വൻതാരങ്ങളൊന്നുമില്ലാത്ത പുതുതലമുറ ചിത്രങ്ങൾ ധാരാളമായി നിർമ്മിക്കപ്പെടുന്നതിനാൽ വെള്ളിയാഴ്ചതോറും നിരവധി ചലച്ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നുണ്ട്.

ഈ ആഴ്ച ആറ് ചെറിയ മലയാളം ചിത്രങ്ങളാണ് റിലീസിനെത്തിയിട്ടുള്ളത്. ഗിന്നസ് പക്രു നിര്‍മ്മിച്ച്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത 'ഫാന്‍സി ഡ്രസ്സ്', ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്  ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത  'മാര്‍ഗ്ഗംകളി', ദീപക് പറമ്പോലിനെ നായകനാക്കി വിവേക് ആര്യന്‍ സംവിധാനം ചെയ്ത 'ഓര്‍മ്മയില്‍ ഒരു ശിശിരം', നിഷാദ് ഹസൻ സംവിധാനം ചെയ്ത 'വിപ്ലവം ജയിക്കാനുള്ളതാണ്', ജീവ സംവിധാനം ചെയ്ത 'ശക്തന്‍ മാര്‍ക്കറ്റ്', അരുൺ. എൻ .ശിവൻ സംവിധാനം ചെയ്ത 'എന്ന്, മമ്മാലി എന്ന ഇന്ത്യക്കാരന്‍' എന്നീ മലയാളം ചിത്രങ്ങളാണ് ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയിട്ടുള്ളത്. ഇവയിൽ ഒന്നുരണ്ടെണ്ണം വൈഡ് റിലീസ് ചെയ്തപ്പോൾ മറ്റെല്ലാം ഏതാനും തിയേറ്ററുകളിൽ മാത്രമായി ഒതുങ്ങി.

മലയാളം ചിത്രങ്ങളെക്കൂടാതെ ജ്യോതികയും രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ജാക്ക്‌പോട്ട്' എന്ന തമിഴ് ചലച്ചിത്രവും ഈ ആഴ്ച റിലീസ് ചെയ്തിട്ടുണ്ട്. എസ്. കല്യാണ്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ കോമഡിയിൽ യോഗി ബാബുവും സമുദ്രക്കനിയും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒപ്പം 'ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്: ഹോബ്‌സ് ആന്‍ഡ് ഷോ' എന്ന ഹോളിവുഡ് ചിത്രവും 'ബാബ' എന്ന മറാഠി ചിത്രവും ഈയാഴ്ച തന്നെ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.