• 08 Jun 2023
  • 05: 20 PM
Latest News arrow

'ടീം ഇന്ത്യ'യുടെ പുതിയ പരിശീലകൻ ആരാകും? അപേക്ഷകരുടെ നീണ്ട നിര!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനാവാന്‍ അപേക്ഷകരുടെ നീണ്ട നിര. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ചൊവ്വാഴ്ച്ച അവസാനിച്ചതോടെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ലഭിച്ചെന്നാണ് 'ബാംഗ്ലൂര്‍ മിറര്‍' ദിനപത്രം റിപ്പോർട്ട് ചെയ്തത്.  അപേക്ഷിച്ചവർ ചില്ലറക്കാരുമല്ല! മുന്‍ ഓസ്‌ട്രേലിയൻ താരം ടോം മൂഡി, ന്യൂസിലാന്‍ഡ് മുന്‍ പരിശീലകന്‍ മൈക് ഹെസ്സന്‍, ഇന്ത്യന്‍ താരം റോബിന്‍ സിംഗ്, മുന്‍ ഇന്ത്യന്‍ മാനേജരും ഇപ്പോഴത്തെ സിംബാബ്‌വേ ടീം പരിശീലകനുമായ  ലാല്‍ചന്ദ് രജ്‌പുത് തുടങ്ങിയവര്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചു കാത്തുനില്‍ക്കുകയാണ്.

ബാറ്റിങ് കോച്ച് തസ്തികയിലേക്ക് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് താരം പ്രവീണ്‍ ആമ്രെയും ഫീല്‍ഡിങ് കോച്ച് ഒഴിവിലേക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്‍ടി റോഡ്‌സും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ,  ഇന്ത്യന്‍ പരിശീലകനാവാന്‍ ആദ്യം താല്‍പര്യം കാണിച്ച ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം മഹേല ജയവര്‍ധനെ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ലെന്നും ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ ഇന്ത്യന്‍ താരങ്ങളായ കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവടങ്ങിയ ഉപദേശക സമിതിയാണ് അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടത്തി ഇന്ത്യന്‍ പരിശീലകനെ തെരഞ്ഞെടുക്കുക.

നേരത്തെ ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പോടെ ഇപ്പോഴത്തെ മുഖ്യപരിശീലകൻ രവി ശാസ്ത്രിയുടെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുന്നില്‍ക്കണ്ട് 45 ദിവസത്തേക്ക് കൂടി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെയും കാലാവധി ക്രിക്കറ്റ് ബോര്‍ഡ് നീട്ടിനല്‍കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെയാണ് നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ മൂന്ന് വീതം ടി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുമാണ് കളിക്കുന്നത്.

അതിനിടെ, പുതിയ പരിശീലകനെ തെരഞ്ഞെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പുറപ്പെടും മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരുകയാണെങ്കില്‍ സന്തോഷമെന്ന് കോലിയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോലിയുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന് കോച്ചിനെ തെരഞ്ഞെടുക്കുന്ന ഉപദേശക സമിതിയില്‍ അംഗമായ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ് വ്യക്തമാക്കിയിരുന്നു.