• 23 Aug 2019
  • 10: 21 PM
Latest News arrow

ടോൾ കടക്കണോ, ഡിസംബർ ഒന്നുമുതൽ വാഹനങ്ങളിൽ 'ഫാസ് ടാഗ്' നിർബന്ധം

ന്യൂദൽഹി: ഡിസംബർ ഒന്നുമുതൽ 'ഫാസ് ടാഗ്' സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് രാജ്യത്ത് ടോൾപ്ലാസ കടക്കാൻ കഴിയില്ല. രാജ്യത്തെ ടോൾപ്ലാസ കവാടങ്ങളെല്ലാം പൂർണ്ണമായും'ഫാസ് ടാഗ്' ട്രാക്കുകളാക്കുകയാണ്. ഡിസംബർ ഒന്ന് മുതൽ 'ഫാസ് ടാഗ്'  സംവിധാനമില്ലാത്ത വാഹനങ്ങൾ എത്തിയാൽ എത്ര രൂപയാണോ ടോൾ അടയ്‌ക്കേണ്ടത്, അതിന്റെ ഇരട്ടി പിഴയായി ഈടാക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഇതനുസരിച്ച് നാഷണൽ ഹൈവേ അതോറിറ്റി മേഖലാകേന്ദ്രങ്ങൾക്കു നിർദ്ദേശം നൽകി. ഇതോടെ, നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും 'ഫാസ് ടാഗ്' ഏർപ്പെടുത്തേണ്ടിവരും. വാഹനങ്ങളുടെ എണ്ണം കൂടുന്നതുമൂലം ടോൾപ്ലാസകളിൽ കുരുക്ക് രൂക്ഷമാകുന്നതിനാലാണ് തീരുമാനമെന്ന് ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു .പരിഷ്‌കാരം നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാൻ മുൻകരുതലുകളെടുക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ്സിലാണ് 'ഫാസ് ടാഗ്' സ്റ്റിക്കർ പതിക്കുക. ഇതിൽ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോൾ പിരിക്കുക. വാഹനം ടോൾ പ്ലാസയിലെത്തുമ്പോൾ 'ഫാസ് ടാഗു'മായി ബന്ധിപ്പിച്ച അക്കൗണ്ടിൽനിന്ന് ടോൾ പിടിക്കും. അക്കൗണ്ടിലെ പണം തീരുന്നമുറയ്ക്ക് ടാഗ് റീചാർജ് ചെയ്യാം. ബാങ്കുകളിലൂടെയും മൊബൈൽ വാലറ്റുകളിലൂടെയും ടാഗ് റീചാർജ് ചെയ്യാം. ഒരുവാഹനത്തിന് ഒരു 'ഫാസ് ടാഗ്' ആയിരിക്കും. മറ്റു വാഹനങ്ങളിലേക്ക് ഇതു മാറ്റി പതിപ്പിക്കാനാവില്ല.

തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ, പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്.സി.) എന്നിവിടങ്ങളിൽനിന്ന് 'ഫാസ് ടാഗ്' രജിസ്‌ട്രേഷൻ നടത്താം. വാഹന ഉടമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി നിർദ്ദിഷ്ട ഫീസ് അടച്ചാൽ സ്റ്റിക്കർ കിട്ടും. പുതിയ വാഹനങ്ങൾക്ക് ഡീലർമാർതന്നെ ഈ സൗകര്യം ചെയ്യുന്നുണ്ട്. 2017 ഡിസംബർ മുതൽതന്നെ  പുതിയ വാഹനങ്ങളിൽ'ഫാസ് ടാഗ്' നിർബന്ധമാക്കിയിരുന്നു.

പാമ്പംപള്ളം (വാളയാർ), പാലിയേക്കര (തൃശ്ശൂർ),കുമ്പളം (അരൂർ) എന്നിവിടങ്ങളിലാണ് കേരളത്തിൽ ഇപ്പോൾ 'ഫാസ് ടാഗ്' ട്രാക്കുകൾ ഉള്ളത്.