• 23 Aug 2019
  • 10: 28 PM
Latest News arrow

യാചകർക്ക് കടുത്ത ശിക്ഷയുമായി സൗദി

ദമാം: സൗദിയിൽ യാചകവൃത്തിയിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇതിനായുള്ള പുതിയ നിയമത്തിന്റെ കരടുരേഖ തൊഴിൽ മന്ത്രാലയം തയാറാക്കി. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ചേർന്നാണ് നിയമം തയ്യാറാക്കിയത്.

പ്രത്യക്ഷമായോ പരോക്ഷമായോ പണത്തിന് വേണ്ടി യാചിക്കുന്നതും മറ്റുള്ളവരെ സ്വാധീനിക്കുന്നതിനും അനുകമ്പ നേടുന്നതിനും കുട്ടികളെ ഉപയോഗിക്കുന്നതും യാചകവൃത്തിയായി കണക്കാക്കുമെന്ന് നിയമത്തിൽ പറയുന്നു. പൊതുസ്ഥലങ്ങളിലും ആരാധനാകേന്ദ്രങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും യാചകവൃത്തി നടത്തുന്നവരെയും സമൂഹമാദ്ധ്യമങ്ങൾ വഴി യാചകവൃത്തിയിൽ ഏർപ്പെടുന്നവരെയും ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.

യാചകവൃത്തിയിൽ ഏർപ്പെട്ടു പിടിക്കപ്പെടുന്ന വിദേശികൾക്ക് ഒരു വർഷം വരെ തടവും പിന്നീട് നാടുകടത്തലുമായിരിക്കും ശിക്ഷ. വീണ്ടും സൗദിയിൽപ്രവേശിക്കുന്നതിന്  വിലക്കും ഏർപ്പെടുത്തും. സ്വദേശികളായ യാചകർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയുമാണ് നിയമത്തിലുള്ളത്. യാചകവൃത്തിയിലൂടെ സമ്പാദിക്കുന്ന പണവും വസ്തുവകകളും കണ്ടുകെട്ടാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. യാചിക്കാൻ പ്രേരിപ്പിക്കുന്നവർക്കും പ്രോത്സാഹിപ്പിക്കുന്നവർക്കും സഹായം ചെയ്യുന്നവർക്കും ശിക്ഷ ലഭിക്കും.