• 23 Aug 2019
  • 10: 09 PM
Latest News arrow

ഒമാനിൽ വിദേശികൾക്ക് 87 തസ്തികകളിലേക്കുള്ള തൊഴിൽവിസാ വിലക്ക് നീട്ടി

മസ്‍കത്ത്: സ്വദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ കാല്‍ ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് മാനവ വിഭവശേഷി മന്ത്രാലയം കഴിഞ്ഞവര്‍ഷം ഏർപ്പെടുത്തിയിരുന്ന വിസാ വിലക്ക് നീട്ടി.

ഐ.ടി, മീഡിയ, ഫിനാന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്‍മിനിസ്ട്രേഷന്‍, ഹ്യൂമന്‍ റിസോഴ്‍സസ്, ആര്‍ക്കിടെക്ചര്‍, ഏവിയേഷന്‍ തുടങ്ങിയ  87 തസ്‍തികകളില്‍ വിദേശികളെ നിയമിക്കുന്നതിനുള്ള വിലക്കാണ് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആറ് മാസത്തേക്ക് കൂടി നീട്ടിയത്.

2018 ജനുവരിയില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് കാലാവധി കഴിയുന്ന മുറയ്ക്ക് നീട്ടിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ തസ്‍തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കാന്‍ തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിസാ  വിലക്കിനെ തുടര്‍ന്ന് ഒമാനിലേക്കുള്ള പ്രവാസികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഒമാനിൽ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ജോലി ചെയ്തിരുന്ന മേഖലകളിൽ തുടരുന്ന വിസാ വിലക്ക് ഇവിടെ ജോലി അന്വേഷിക്കുന്ന വിദേശികൾക്ക് തിരിച്ചടിയാണ്.