• 23 Aug 2019
  • 10: 23 PM
Latest News arrow

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി 5 ശതമാനമാക്കി കുറച്ചു

ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി നിരക്ക് 12 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കി കുറച്ചു. കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മലാ സീതാറാമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 
വാഹനങ്ങളുടെ ചാര്‍ജറിനുള്ള നികുതി 18ല്‍നിന്ന് 5 ശതമാനമാക്കിയും കുറച്ചു.  ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. 
ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി നിരക്ക് കുറച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ഇലക്ട്രിക് ബസുകള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ ജിഎസ്ടി ഒഴിവാക്കാനുള്ള തീരുമാനവും കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. 
കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന ഫെയിം 2 പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 10000 കോടി രൂപയുടെ ഇളവുകള്‍ നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ധനകാര്യ മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 2030 ഓടെ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ 30 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ പദ്ധതി. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനായി ചാര്‍ജിങ് സ്‌റ്റേഷനുകളും മറ്റു അടിസ്ഥാന വികസനങ്ങളും ഉടന്‍ നടപ്പാക്കും.