• 06 Dec 2019
  • 01: 58 AM
Latest News arrow

ഓപ്പറേഷന്‍ പോച്ചിങിന്റെ അടുത്ത ലക്ഷ്യം മധ്യപ്രദേശും രാജസ്ഥാനും; കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് വര്‍ധിക്കുന്നു

കര്‍'നാ'ടകാന്തം വിജയിച്ചുനില്‍ക്കുന്ന ബിജെപിയുടെ ഓപ്പറേഷന്‍ പോച്ചിങ് (എംഎല്‍എമാരെ വേട്ടയാടിപ്പിടിച്ച് ഭരണം കയ്യാളുക) ഗോവയിലും സജീവമായതോടെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കില്‍ അപായമണി മുഴങ്ങുകയാണ്. സ്വതന്ത്രരുടെയും ചെറിയ പാര്‍ട്ടികളുടെയും പിന്തുണയോടെ നേരിയ ഭൂരിപക്ഷത്തിലാണ് ഈ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരത്തിലേറിയിരിക്കുന്നത്. മധ്യപ്രദേശില്‍ ബിജെപി തക്കം നോക്കി പതിയിരിക്കുന്നത്, കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നു. തങ്ങളെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ വലയിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്റെ അലയടികള്‍ മുഖ്യമന്ത്രി കമല്‍ നാഥിനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിങ്ങിനും ലഭിച്ചുകഴിഞ്ഞു.

എസ്പിയുടെയും ബിഎസ്പിയുടെയും കുറച്ച് എംഎല്‍എമാരിലും ചില സ്വതന്ത്രരിലും ആശ്രയിച്ചാണ് കമല്‍നാഥ് സര്‍ക്കാര്‍ നിലകൊള്ളുന്നത്. രാജസ്ഥാനില്‍ സ്ഥിതി ഇതിലും കഷ്ടമാണ്. ഗെഹ്‌ലോട്ട് തന്നെ മുഖ്യമന്ത്രിയായിരിക്കണമെന്ന ഒറ്റ വ്യവസ്ഥയില്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ഒരു കൂട്ടം സ്വതന്ത്രരാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നത്. എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടാന്‍ തയ്യാറുള്ള ഇവരെ കൂടെ നിര്‍ത്താന്‍ ഭഗീരഥ പ്രയത്‌നം തന്നെ നടത്തുന്നുണ്ട് സംസ്ഥാന നേതൃത്വം. 

കര്‍ണാടകയിലും ഇപ്പോല്‍ ഗോവയിലും ബിജെപി നടത്തുന്ന ഓപ്പറേഷന്‍ പോച്ചിങ്ങിന്റെ രീതി പരമ്പരാഗത രീതികളെ കവച്ചുവെയ്ക്കുന്നതാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണം കയ്യാളാന്‍ എംഎല്‍എമാരെ വശീകരിച്ച് കൂടെക്കൂട്ടുന്ന ബിജെപി ശരിക്കും ഒരു വേട്ടയാടല്‍ തന്നെയാണ് നടത്തുന്നത്.  ഗോവയില്‍ ബിജെപി നടത്തിയ ഓപ്പറേഷന്‍ പോച്ചിങ്ങിലൂടെ ക്രിസ്ത്യന്‍ എംഎല്‍എമാരില്‍ ഭൂരിഭാഗത്തിനെയും വശത്താക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓപ്പറേഷന്‍ പോച്ചിങ്ങിന്റെ വിജയസാധ്യതയെക്കുറിച്ച് ബിജെപിയ്‌ക്കെന്നതുപോലെ കോണ്‍ഗ്രസിനും സംശയമില്ല. അതിനാല്‍ കര്‍'നാ'ടകത്തിന്റെ അടുത്ത അവതരണം ഈ സംസ്ഥാനങ്ങളില്‍ എന്നുണ്ടാകുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ