'ഗോൾഡൻ ഗേൾ' ഹിമ

നോവെ മെസ്റ്റോ (ചെക്ക് റിപ്പബ്ലിക്): 20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണ്ണം സ്വന്തമാക്കി ഇന്ത്യയുടെ അസം താരം 19കാരിയായ ഹിമ ദാസ് സുവര്‍ണക്കുതിപ്പ് തുടരുകയാണ്. ചെക്ക് റിപ്പബ്ലിക്കിലെ നോവെ മെസ്റ്റോയില്‍ നടന്ന അത്ലറ്റിക് മീറ്റിലാണ് തന്റെ പ്രിയപ്പെട്ട 400 മീറ്ററില്‍ ഹിമ വീണ്ടും സ്വര്‍ണ്ണമെഡല്‍ നേടിയത്. സീസണിലെ മികച്ച സമയമായ 52.09 സെക്കന്റിലാണ് ഹിമ ഫിനിഷ് ചെയ്തത്. എന്നാല്‍ ഈയിനത്തില്‍ ഹിമയുടെ മികച്ച സമയം 50.79 സെക്കന്റാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലായിരുന്നു ഈ സമയം കുറിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മാര്‍ക്കായ 51.80 സെക്കന്റിലെത്താനും ഹിമയ്ക്കായില്ല. നേരിയ വ്യത്യാസത്തിനാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള അവസരം നഷ്ടമായത്.
ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുറംവേദനയെത്തുടര്‍ന്ന് 400 മീറ്ററില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഹിമ പ്രയാസപ്പെട്ടിരുന്നു. തുടര്‍ന്ന് 400 മീറ്ററില്‍ പങ്കെടുക്കുന്നത് തത്കാലം നിര്‍ത്തിവെച്ചിരുന്നു.
ജൂലൈ രണ്ടിനുശേഷം ഹിമ നേടുന്ന അഞ്ചാമത്തെ സ്വര്‍ണമെഡലാണിത്. ജൂലൈ രണ്ടിന് പോളണ്ടില്‍ നടന്ന പൊസ്നന്‍ അത്ലറ്റിക് ഗ്രാന്‍പ്രീയില്‍ 23.65 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ഹിമ 200 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. ജൂലൈ ഏഴിന് പോളണ്ടില്‍ തന്നെ നടന്ന കുട്നോ അത്ലറ്റിക് മീറ്റിൽ 23.97 സെക്കന്റിൽ ഓടിയെത്തി നേട്ടം ആവര്‍ത്തിച്ചു. ജൂലൈ 13-ന് ഹിമ ചെക്ക് റിപ്പബ്ലിക്കിലെ ക്ലാന്‍ഡോ അത്ലറ്റിക് മീറ്റിൽ 200 മീറ്ററിലെ മൂന്നാം സ്വര്‍ണ്ണം 23.43 സെക്കന്റിൽ ഫിനിഷ് ചെയ്ത് സ്വന്തമാക്കി. 17-ന് ചെക്ക് റിപ്പബ്ലിക്കില്‍ തന്നെ നടന്ന ടബോര്‍ അത്ലറ്റിക് മീറ്റിലായിരുന്നു 23.43 സെക്കന്റ് കുറിച്ച് നാലാം സ്വര്‍ണ്ണം നേടിയത്.
നോവെ മെസ്റ്റോ മീറ്റില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ എം.പി.ജാബില്‍ 49.66 സെക്കന്റ് സമയം കുറിച്ച് സ്വര്‍ണ്ണമെഡല്‍ നേടി. ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അനസ് 20.95 സെക്കന്റിൽ ഫിനിഷ് ചെയ്ത് 200 മീറ്ററില്‍ മൂന്നാം സ്ഥാനം നേടി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ