• 26 Aug 2019
  • 02: 50 AM
Latest News arrow

ബിനോയ് കോടിയേരി രക്ത സാമ്പിൾ നൽകിയില്ല; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയുമായി മുംബൈ ഹൈക്കോടതിയില്‍

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതു വര്‍ഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന ബിഹാര്‍ സ്വദേശിനിയുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള കേസിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് തിങ്കളാഴ്ച, മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഡിഎൻഎ പരിശോധനയ്ക്കായുള്ള രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി പൊലീസിനെ അറിയിച്ചു. പീഡന പരാതിയിൽ മുംബൈ പോലീസെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ബിനോയി കോടിയേരി മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജി ഈ മാസം 24ന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാൽ  ഇപ്പോൾ രക്ത സാമ്പിൾ നൽകാൻ തയ്യാറല്ലെന്ന് ബിനോയ്‌ കോടിയേരി പൊലീസിനെ അറിയിച്ചു.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്‌റ്റേഷനിലെത്തണമെന്ന് മുൻ‌കൂർ ജാമ്യംനൽകിക്കൊണ്ട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്കായി രക്തസാംപിള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍നിന്ന് ബിനോയ് പിന്മാറി. തുടര്‍ന്ന് ഇന്ന് തീര്‍ച്ചയായും രക്തസാംപിള്‍ നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മറ്റു തടസ്സങ്ങളില്ലെങ്കിൽ ഇന്ന് ജുഹുവിലെ കൂപ്പർ ആശുപത്രിയിൽ എത്തിച്ച് രക്ത സാമ്പിള്‍ എടുക്കാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടുണ്ട്. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് യുവതിയുടെ പരാതി.

അന്ധേരി ഓഷിവാര പൊലീസാണ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. എന്നാല്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞിരുന്നു .