• 26 Aug 2019
  • 02: 46 AM
Latest News arrow

ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍-2; വിക്ഷേപണം ഉച്ചയ്ക്ക് 2.43

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഇന്ന് ഉച്ചയ്ക്ക് 2.43ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. ഇതിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് തുടങ്ങി. ഇനി റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും അടക്കമുള്ള ഇന്ധനങ്ങള്‍ നിറയ്ക്കുന്ന ഘട്ടമാണ്.

ആന്ധ്രപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് ചന്ദ്രയാന്‍-2 കുതിച്ചുയരുക. ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍-1ന്റെ വിക്ഷേപണത്തിന് കൃത്യം 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ചന്ദ്രയാന്‍ അമ്പിളി മാമനെ ലക്ഷ്യമാക്കി കുതിക്കുന്നത്. ചന്ദ്രന്റെ കറുത്തിരുണ്ട ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍-2ലെ ലാന്‍ഡറും റോവറും കാലുകുത്തുക. ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ജിഎസ്എല്‍വി മാര്‍ക്ക്-3യാണ് ചന്ദ്രയാന്‍-2നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. നേരത്തെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. അതിനാല്‍ ഇത്തവണ അതീവജാഗ്രതയിലാണ് ഐഎസ്ആര്‍ഒ.