• 18 Nov 2019
  • 03: 29 PM
Latest News arrow

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് മൂന്ന് കപ്പലില്‍ മലയാളികള്‍; ക്യാപ്റ്റന്‍ എറണാകുളം സ്വദേശിയെന്ന് സൂചന

ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടന്റെ എണ്ണക്കപ്പലില്‍ മലയാളികള്‍ ഉള്ളതായി സ്ഥിരീകരണം. കപ്പലില്‍ നാല് മലയാളികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉള്ളതായി കമ്പനി ബന്ധുക്കളെ അറിയിച്ചു. ഡിജോയ്‌ക്കൊപ്പം തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റന്‍ എറണാകുളം സ്വദേശിയായ മലയാളിയാണെന്ന് ഡിജോയുടെ അപ്പന്‍ പാപ്പച്ചന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കപ്പലില്‍ മലയാളികള്‍ ഉണ്ടെന്നതിന് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

രണ്ട് ദിവസം മുമ്പാണ് അന്തര്‍ദേശീയ സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കപ്പലില്‍ 18 ഇന്ത്യക്കാരുണ്ട്. ജീവനക്കാര്‍ക്ക് ഒരു പ്രയാസവുമുണ്ടാകില്ലെന്ന് ഇറാന്‍, ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ മോചനത്തിനായി ശ്രമിക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

അതേസമയം കപ്പല്‍ ബ്രിട്ടന് ഉടനെ വിട്ടുനല്‍കിയേക്കില്ല. ജിബ്രാള്‍ട്ടറില്‍ ബ്രിട്ടൻ തടഞ്ഞുവെച്ച എണ്ണ കപ്പല്‍ വിട്ട് കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്ന നിലപാടിലാണ് ഇറാന്‍. ഈ കപ്പലിൽ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ അജ്മല്‍ കെകെയും ഉണ്ടെന്നാണ് വിവരം.