• 26 Aug 2019
  • 02: 55 AM
Latest News arrow

കനത്ത മഴ തുടരുന്നു; കാസര്‍കോട്ട്‌ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊന്തി, റെഡ് അലര്‍ട്ട് തുടരും

കാസര്‍കോട്: മഴ ശക്തമായതിനെത്തുടര്‍ന്ന് കാസര്‍കോട്ടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളമുയര്‍ന്ന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, അണങ്കൂര്‍ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ജില്ലയില്‍ റെഡ് അലര്‍ട്ട് ഇന്നും തുടരും.  

തോടും പുഴകളും കര കവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വെള്ളം വീട്ടിനുള്ളിലേക്ക് കയറിയതോടെ വീട്ടുകാരോട് മാറി താമസിക്കുവാന്‍ സ്ഥലം സന്ദര്‍ശിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ട്. 

ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 

കാസര്‍കോട് ജില്ലയിലെ കുടലുവിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്, 31 സെന്റീമീറ്റര്‍. ഹോസ്ദുര്‍ഗില്‍ 28ഉം കണ്ണൂരില്‍ 22ഉം തലശ്ശേരിയില്‍ 19ഉം സെന്റീമീറ്റര്‍ മഴ കിട്ടി. 

അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമേയുള്ളൂ. ചാലിയാറൊഴിച്ച് പ്രധാന നദികളിലൊന്നും അപകടകരമായ രീതിയില്‍ ജലനിരപ്പ് കൂടിയിട്ടില്ലെന്ന് കേന്ദ്ര ജല കമ്മീഷനും വ്യക്തമാക്കുന്നു. ഇടുക്കി, പമ്പ, ഇടമലയാര്‍ തുടങ്ങി കെഎസ്ഇബിയ്ക്ക് കീഴിലെ പ്രധാന 16 സംഭരണികളിലും ജലനിരപ്പ് കുറവാണ്.