• 06 Dec 2019
  • 12: 53 AM
Latest News arrow

പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ 'വെറ്ററന്‍ പിന്‍' ബഹുമതി

ന്യൂഡല്‍ഹി: ഒളിംപ്യന്‍ പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന 'വെറ്ററന്‍ പിന്‍' അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സെപ്റ്റംബര്‍ 24-നു ദോഹയില്‍ ചേരുന്ന ഐഎഎഎഫ് കോണ്‍ഗ്രസില്‍ ബഹുമതി സമ്മാനിക്കും. അത്‌ലറ്റിക്‌സിനു സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാന്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണു 'വെറ്ററന്‍ പിന്‍'. 
രാജ്യാന്തര അസോസിയേഷന്റെ ഏഷ്യന്‍ മേഖലയാണ് ഉഷയെ ഈ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്.

ലോക ഫെഡറേഷന്റെ ബഹുമതിയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. "ഈ അംഗീകാരത്തെ വിലമതിക്കുന്നു. ഒപ്പം അത്ഭുതവുമുണ്ട്. ഈ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ ബഹുമതി പ്രചോദനമാകും"- ഉഷ പ്രതികരിച്ചു.