• 26 Aug 2019
  • 02: 38 AM
Latest News arrow

ചന്ദ്രയാന്‍-2 തിങ്കളാഴ്ച പറന്നുയരും

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ പുതിയ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 2.43ന് വിക്ഷേപണം നടത്താനാണ് തീരുമാനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്‍ നിന്നാണ് വിക്ഷേപണം.

ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണമായി പരിഹരിച്ചതിനു ശേഷമുള്ള സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒയുടെ ട്വിറ്ററില്‍ പറയുന്നു.

15-ന് പുലര്‍ച്ചെ 2.51നായിരുന്നു ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചിരുന്നത്.

ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്‌നമായത്. 15ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.