• 26 Aug 2019
  • 02: 47 AM
Latest News arrow

മാസപൂജ സമയത്ത് പമ്പ വരെ സ്വകാര്യ വാഹനങ്ങളെ കടത്തിവിടാമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാന്‍ ഹൈക്കോടതി അനുമതി. മാസപൂജ സമയത്ത് വാഹനങ്ങള്‍  കടത്തിവിടാനാണ് കോടതി അനുവാദം നല്‍കിയത്.  അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് കോടതി നടപടി. പ്രൈവറ്റ് സ്‌റ്റേജ് കാരിയര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്കാണ് അനുമതി നല്‍കി ഉത്തരവായിട്ടുള്ളത്.
സര്‍ക്കാരിന് വാഹനങ്ങള്‍ തടയാനാകില്ലെന്നും എന്നാല്‍ നിയന്ത്രിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യരുതെന്നും നിലയ്ക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ മണ്ഡലകാലത്താണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് നിര്‍ത്തിയത്. പ്രളയത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ താറുമാറായ സാഹചര്യത്തിലാണ് സ്വകാര്യ വാഹനങ്ങള്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് കൊണ്ടുപോകുകയായിരുന്നു ചെയ്തിരുന്നത്.