• 26 Aug 2019
  • 02: 52 AM
Latest News arrow

വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും; വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച

ബംഗളൂരു: സ്പീക്കര്‍ക്കെതിരെ രാജിവെച്ച വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. നേരത്തെ ഹര്‍ജി സമര്‍പ്പിച്ച എംഎല്‍എമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക. 
അതേസമയം കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തും. രാവിലെ പതിനൊന്ന് മണിയ്ക്ക് വോട്ടെടുപ്പ് നടക്കുമെന്ന്  സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അറിയിച്ചു.
എന്നാല്‍, വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്പീക്കറുടെ തീരുമാനത്തെ ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ എതിര്‍ത്തു. വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്നതില്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. മന്ത്രിമാര്‍ ഇല്ലാതെ സഭ ചേരുന്നത് എങ്ങനെയെന്നു ചോദിച്ച് ബിജെപി നിയമസഭ കൗണ്‍സിലില്‍ ബഹളമുണ്ടാക്കി. മന്ത്രിമാര്‍ രാജിവച്ചു എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ സഭ ചേരുമെന്നായിരുന്നു ബിജെപി അംഗങ്ങളുടെ ചോദ്യം. 
എന്നാല്‍ ടാക്‌സി വിളിക്കുന്നത് പോലെ വിമാനങ്ങള്‍ വാടകക്ക് എടുക്കുന്നവരുടെ പദ്ധതികള്‍ വിജയിക്കില്ലെന്നും വിശ്വാസവോട്ടെടുപ്പില്‍ ജയിക്കുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചു.