• 26 Aug 2019
  • 02: 38 AM
Latest News arrow

പരീക്ഷാ പേപ്പര്‍ കണ്ടെത്തിയ സംഭവം: സര്‍വകലാശാല അന്വേഷണം നടത്തും

കുറ്റം സമ്മതിച്ച് പ്രതികള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പരീക്ഷാ പേപ്പറും വ്യജാസീലും കണ്ടെടുത്ത സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്തുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വൈസ്ചാന്‍സലര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളേജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍. 
കേസിലെ പ്രതികളായ ആറു പേരേയും  അനിശ്ചിത കാലത്തേക്ക് കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വകലാശാലയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ എസ്എഫ്‌ഐയില്‍നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഓരോ കോളേജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്തം അതാത് കോളേജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ ബാക്കിവരുന്നുണ്ടെങ്കില്‍ അത് കോളേജുകള്‍ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാല്‍ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 

 യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയിരുന്നത്. കേരള സര്‍വകലാശാല പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുള്ള 11 സെറ്റുമാണ് കണ്ടെടുത്തത്. യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് അഖിലിനെ ആക്രമിച്ചതെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും പോലീസിനോട് പറഞ്ഞു. ഒരാഴ്ചയോളമായി അഖിലിന്റെ സംഘവും തങ്ങളുമായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഫലമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഇവരുടെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്. കേശവദാസപുരത്തുനിന്നാണ് നസീമിനെയും ശിവരഞ്ജിത്തിനെയും പോലീസ് പിടികൂടുന്നത്.