• 26 Aug 2019
  • 02: 41 AM
Latest News arrow

വിംബിള്‍ഡണില്‍ ജോക്കോവിച്ചിന് വീണ്ടും കിരീടധാരണം; ഫെഡററെ തോല്‍പ്പിച്ചത് അത്യുജ്ജ്വല പോരാട്ടത്തില്‍

വിംബിള്‍ഡണ്‍ ടെന്നീസില്‍ കിരീടം നിലനിര്‍ത്തി നൊവാക് ജോക്കോവിച്ച്. വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കലാശപ്പോരാട്ടത്തിനൊടുവിലാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ജോക്കോവിച്ച് ചാംപ്യനായത്. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 13-12

ഇതിഹാസ താരങ്ങള്‍ നേര്‍ക്ക് നേര്‍ വന്ന കലാശപ്പോരാട്ടത്തില്‍ തീ പാറി. ആദ്യ സെറ്റ് തന്നെ ടൈ ബ്രേക്കറിലേക്ക് നീങ്ങി. തുടര്‍ന്ന് 7-6ന് ജോക്കോവിച്ച് സെറ്റ് നേടി. 

രണ്ടാം സെറ്റില്‍ ഫെഡറര്‍ ശക്തമായ തിരിച്ചുവരവ് നടത്തി 6-1ന് സെറ്റ് നേടി. മൂന്നാം സെറ്റ് വീണ്ടും ടൈ ബ്രേക്കറില്‍. ജോക്കോവിച്ച് ആ സെറ്റ് നേടിയപ്പോള്‍ നാലാം സെറ്റ് നേടി വീണ്ടും ഫെഡററുടെ തിരിച്ചടി. ഇതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. അഞ്ചാം സെറ്റില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം പോരാടി. ഗെയിം പോയിന്റുകള്‍ 12-12ല്‍ എത്തിയതോടെ അഞ്ചാം സെറ്റും ടൈബ്രേക്കറിലേക്ക്. ടൈ ബ്രേക്കറില്‍ 7-3ന് ഫെഡററെ കീഴടക്കി ജോക്കോവിച്ച് വിംബിള്‍ഡണ്‍ കിരീടം നിലനിര്‍ത്തി.

നാല് മണിക്കൂറും 57 മിനിറ്റും നീണ്ട് നിന്ന മത്സരത്തിന്റെ അവസാന നിമിഷം വരെയും പോരാടിയ 37കാരനായ ഫെഡറര്‍ക്ക് തോറ്റെങ്കില്‍ നിറഞ്ഞ കയ്യടിയാണ് കാണികള്‍ നല്‍കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച മത്സരം എന്ന് ജോക്കോവിച്ചും കിരീടം നേടിയ ശേഷം പ്രതികരിച്ചു. ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ അഞ്ചാം കിരീടവുമാണിത്. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ 16-ാം കിരീടവും.