• 26 Aug 2019
  • 02: 44 AM
Latest News arrow

റോക്കറ്റിന് തകരാര്‍: ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റി

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവെച്ചു. പേടകം വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വി മാര്‍ക്ക് 3/എം1 റോക്കറ്റിലുണ്ടായ തകരാറാണ് വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണം. എന്നാല്‍ എന്താണ് സാങ്കേതിക തകരാറെന്ന് വ്യക്തമായിട്ടില്ല. അതീവ മുന്‍കരുതലിന്റെ ഭാഗമായാണ് വിക്ഷേപണം മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് ഗുരുപ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ നിന്നായിരുന്നു ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നില്‍ക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തി വെയ്ക്കാന്‍ മിഷന്‍ ഡയറക്ടര്‍ വെഹിക്കിള്‍ ഡയറക്ടറോട് നിര്‍ദേശിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ളവര്‍ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്‌റ്റേജില്‍ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചത്. 

2019 ജനുവരിയിലാണ് ചന്ദ്രയാന്‍-2 ആദ്യം വിക്ഷേപിക്കാനിരുന്നത്. എന്നാല്‍ അവസാന ഘട്ട പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യത വേണമെന്ന വിലയിരുത്തലോടെ വിക്ഷേപണം നീട്ടിവെച്ചു.  പിന്നീട് ഏപ്രിലില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചെങ്കിലും ലാന്‍ഡറില്‍ ചെറിയ തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും വിക്ഷേപണം മാറ്റി. ഒടുവില്‍ സെപ്തംബര്‍ 7ന് പുലര്‍ച്ചെ ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കാന്‍ സാധിക്കും വിധം വിക്ഷേപണം നിശ്ചയിച്ചു. അതാണ് ഇപ്പോള്‍ അവസാന നിമിഷം മാറ്റിവെച്ചിരിക്കുന്നത്.