• 18 Nov 2019
  • 10: 26 AM
Latest News arrow

ഒടുവില്‍ ലോകകപ്പ് ജന്‍മനാട്ടിലേക്ക്‌; കിവീസിനെ ബൗണ്ടറി കരുത്തില്‍ പറപറത്തി ഇംഗ്ലണ്ട് ചാമ്പ്യന്മാര്‍

ലോര്‍ഡ്‌സ്: ഇതിലും മികച്ചൊരു ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഇനിയുണ്ടാകുമോയെന്ന് സംശയമാണ്. അത്രമാത്രം നാടകീയതയും ആവേശവും അണപൊട്ടിയ മത്സരമായിരുന്നു ലോര്‍ഡ്‌സില്‍ അരങ്ങേറിയത്. കലാശപ്പോരാട്ടത്തില്‍ ബൗണ്ടറിക്കരുത്തില്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് ആദ്യമായി കപ്പുയര്‍ത്തി. നൂറ്റാണ്ടുകള്‍ക്ക് ശേഷം ജന്‍മനാടിനോടുള്ള ക്രിക്കറ്റിന്റെ കാവ്യനീതി.

തുല്യശക്തികളുടെ ത്രസിപ്പിക്കുന്ന പോരാട്ടം. നിശ്ചിത ഓവറില്‍ ഇരുടീമുകള്‍ക്കും 241 റണ്‍സ്. മത്സരം സൂപ്പര്‍ ഓവറിലേക്ക്. 15 ഓവര്‍ വീതം നേടി വീണ്ടും സമനില. പിന്നെ ചട്ടപ്രകാരം മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാര്‍.

മൂന്ന് ഫൈനലുകളില്‍ ദു:ഖത്തിന്‍രെ കണ്ണുനീര്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന് ഇത്തവണ സന്തോഷാശ്രുക്കള്‍ പൊഴിക്കാം. 1979, 1987, 1992 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇംഗ്ലണ്ട് ഫൈനലില്‍ തോറ്റുപോയത്. അതേസമയം ന്യൂസിലന്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഫൈനലില്‍ പരാജയപ്പെടുന്നത്. 

ആദ്യം മറുപടി ബാറ്റിങ്ങിലും പിന്നീട് സൂപ്പര്‍ ഓവറിലും ഇംഗ്ലണ്ടിന്റെ തേര് തെളിച്ച ജോസ് ബട്‌ലര്‍- ബെന്‍ സ്‌റ്റോക്‌സ് സഖ്യമാണ് വിജയശില്‍പ്പികള്‍. 242 എന്ന വിജയലക്ഷ്യം പിന്നിട്ടറങ്ങിയ ഇംഗ്ലണ്ടിന് 86 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റാണ് നഷ്ടമായത്. തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് തോന്നിയ ആ നിമിഷത്തില്‍ എത്തിയ ബട്‌ലര്‍-സ്‌റ്റോക്‌സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുക്കുകയായിരുന്നു. 21.4 ഓവര്‍ ക്രീസില്‍ നിന്ന സഖ്യം 130 റണ്‍സ് ഇംഗ്ലണ്ടിന്റെ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ത്തു. പിന്നെ ബട്‌ലര്‍ മടങ്ങിയപ്പോഴും അവസാന പന്തുവരെ സ്റ്റോക്‌സ് രക്ഷാകൃത്യം തുടര്‍ന്നു. 

സൂപ്പര്‍ ഓവറിലും ഈ കൂട്ടുകെട്ട് തന്നെയാണ് കളത്തിലിറങ്ങിയത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ ഇരുവരും ചേര്‍ന്ന് 15 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡും 15 റണ്‍സില്‍ കളിയൊതുക്കിയതോടെ ബൗണ്ടറികളുടെ എണ്ണം നിര്‍ണായകമായി. ഇവിടെയും ബട്‌ലര്‍-സ്‌റ്റോക്‌സ് സഖ്യം നേടിയ ബൗണ്ടറികള്‍ ഇംഗ്ലണ്ടിനെ തുണച്ചു.

സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡിന്റെ ഭാഗത്ത് നിന്ന് മാര്‍ട്ടിന്‍ ഗപ്ടിലും ജിമ്മി നീഷമുമാണ് കളത്തിലിറങ്ങിയത്. ആര്‍ച്ചര്‍ വൈഡോടെ തുടങ്ങി. മൂന്നാം പന്തില്‍ ജിമ്മി നീഷം സിക്‌സടിച്ച് ആവേശം വാനോളമുയര്‍ത്തി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് മാത്രം മതിയെന്ന നിലയില്‍, റണ്ടാം റണ്ണിനുള്ള ശ്രമത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ പുറത്തായതോടെ സൂപ്പര്‍ ഓവറും സമനിലയില്‍.