• 18 Nov 2019
  • 10: 24 AM
Latest News arrow

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകളും സീലും കണ്ടെത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. പൊലീസിന്റെ പരിശോധനയിലാണ് സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തത്. സര്‍വ്വകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകളാണ് കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്.

ശിവരഞ്ജിത്ത് എന്തിനാണ് പേപ്പറുകള്‍ സൂക്ഷിച്ച് വെച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. പരീക്ഷയ്ക്ക് കോപ്പിയടകിക്കാന്‍ വേണ്ടിയാകാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. നാല് കെട്ട് പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്.

അഖിലിനെ കുത്തിയ കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് എസ്‌ഐയുടെ നേതൃത്വത്തിലാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുമായെത്തിയ ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷവും ചൊരിഞ്ഞു.