• 26 Aug 2019
  • 02: 52 AM
Latest News arrow

ലോകകപ്പിലെ പുതിയ രാജാക്കാന്‍മാരെ അറിയാന്‍ നിമിഷങ്ങള്‍ മാത്രം; ചരിത്രം കുറിക്കാന്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും

ലോര്‍ഡ്‌സില്‍ ഇന്ന് പുതിയ ചാമ്പ്യന്‍മാര്‍ കിരീടം ചൂടും. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ന് ലോര്‍ഡ്‌സില്‍ ഇറങ്ങുക. ഇംഗ്ലണ്ടിന് മൂന്ന് തവണയും ന്യൂസിലന്‍ഡിന് രണ്ട് തവണയുമാണ് തലനാരിഴയ്ക്ക് കപ്പ് നഷ്ടപ്പെട്ടത്. അതുകൊണ്ട് ആവേശം അത്യുച്ചിയിലാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ കണ്ണീരിലാഴ്ത്തിയാണ് കിവികള്‍ ഫൈനല്‍ കളിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യന്‍മാരെ മുട്ടുകുത്തിച്ചാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശനം. ക്രിക്കറ്റിന്റെ പിതാക്കന്‍മാരാണെങ്കിലും ഇംഗ്ലണ്ട് ഇതുവരെ ലോകകപ്പ് ഉയര്‍ത്തിയിട്ടില്ല. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍, സ്വന്തം നാട്ടില്‍ കപ്പ് ഉയര്‍ത്തിയാല്‍ അത് ഇംഗ്ലണ്ടിന് ചരിത്രത്താളുകളില്‍ കുറിച്ചുവെയ്ക്കാം. ഉജ്ജ്വല ഫോമിലുള്ള കളിക്കാര്‍ ഇംഗ്ലണ്ടിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ബാറ്റിങ്ങില്‍ ജേസണ്‍ റോയും ബെയര്‍ സ്‌റ്റോയും ശക്തമായ അടിത്തറയൊരുക്കും. അതില്‍ മധ്യനിരയ്ക്ക് കൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പൊക്കാന്‍ സാധിക്കും. കളിക്കാരെ സാഹചര്യങ്ങള്‍ക്ക് അനുസൃതം ഫലപ്രദമായി ഉപയോഗിക്കാനുള്ള ഒയിന്‍ മോര്‍ഗന്റെ നേതൃപാടവവും ഇംഗ്ലണ്ടിന് വിജയസാധ്യത നല്‍കുന്നു.

മറുവശത്ത് ഒരു ടീമായി കളിക്കാനുള്ള ന്യൂസിലന്‍ഡിന്റെ കരുത്താണ് ജ്വലിച്ച് നില്‍ക്കുന്നത്. നായകന്‍ കെയിന്‍ വില്യംസണ്‍ ബാറ്റിങ്ങില്‍ നട്ടെല്ലായി നില്‍ക്കുന്നു. ബാറ്റിങ്ങിനോടൊപ്പം തന്നെ കരുത്താര്‍ജിച്ച് നില്‍ക്കുന്ന മാറ്റ് ഹെന്റ്‌റിയും ട്രെന്റ്‌ബോള്‍ട്ടും ലോക്കി ഫെര്‍ഗുസനും ചേരുന്ന ബോളിങ് നിരയും കിവികളെ ആക്രമണകാരികളാക്കുന്നു. 

കലാശപ്പോരാട്ടത്തില്‍ തീ പാറുമെന്ന് ഉറപ്പ്. വില്യംസണോ മോര്‍ഗനോ ആരാവും ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്തുക... ആ ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.