• 18 Nov 2019
  • 03: 28 PM
Latest News arrow

എംജെആറിന് അന്ത്യാഞ്ജലി

തിരുവനന്തപുരം: വെള്ളിയാഴ്ച അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണന് സാംസ്‌കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. പട്ടത്തെ സ്വവസതിയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സ്വന്തമായി കാർ ഓടിച്ച് അദ്ദേഹം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പോകുംവഴി വീണ്ടും അവശനായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. 60 വയസ്സായിരുന്നു.

ഷാജി എൻ കരുൺ സംവിധാനം ചെയ്ത 'ഓള്' ആണ് എം ജെ രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ച അവസാന ചിത്രം. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ ലഭിച്ചയാൾ കൂടിയാണ് എം ജെ രാധാകൃഷ്ണൻ. മങ്കട രവിവർമയ്ക്കും എം ജെ രാധാകൃഷ്ണനും ഏഴ് തവണ വീതം മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അരവിന്ദന്റേയും  പത്മരാജന്റേയും  ഭരതന്റേയും മറ്റും സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന എന്‍ എല്‍ ബാലകൃഷ്ണന്റെ സഹായി ആയിട്ടായിരുന്നു എം ജെ രാധാകൃഷ്ണന്റെ സിനിമാപ്രവേശം. പിന്നീട് ഷാജി എന്‍ കരുണിന്റെ സഹായിയായി ഛായാഗ്രഹണമേഖലയിലെത്തി.'നഖക്ഷതങ്ങൾ' ആയിരുന്നു ആദ്യമായി ഛായാഗ്രഹണസഹായിയായ ചിത്രം. പിന്നീട് 'പഞ്ചാഗ്നി' , 'ഒന്ന് മുതൽ പൂജ്യം വരെ' തുടങ്ങിയവയിലും ഛായാഗ്രഹണ സഹായിയായി.   രാജീവ് അഞ്ചലിന്റെ കുട്ടികളുടെ ചിത്രം 'അമ്മാനം കിളി'യിലൂടെയാണ് സുഹൃത്തുക്കൾ എംജെആര്‍ എന്ന് വിളിക്കുന്ന മിതഭാഷിയായ എം.ജെ.രാധാകൃഷ്ണൻ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നത്. സി.പി പത്മകുമാറിന്റെ 'സമ്മോഹനം' ചെയ്തതോടെ ചലച്ചിത്രലോകത്ത് ശ്രദ്ധിക്കപ്പെട്ടു.

ജയരാജിന്റെ 'ദേശാടന'മാണ് എം.ജെ.രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകനെ പ്രശസ്തനാക്കുന്നത്. ആദ്യ സംസ്ഥാന അവാര്‍ഡും (1996) അതേ ചിത്രത്തിലൂടെ ലഭിച്ചു. തുടർന്ന്  'കളിയാട്ടം', 'കരുണം', 'കണ്ണകി',' സ്നേഹം', 'താലോലം', 'ഗുല്‍മോഹര്‍', 'ഒറ്റാല്‍' തുടങ്ങിയ ജയരാജ് ചിത്രങ്ങളുടെ ഛായാഗ്രഹണം എം ജെ രാധാകൃഷ്ണന്‍ നിർവ്വഹിച്ചു. അടൂർ ഗോപാലകൃഷ്ണന്റെയും ഷാജി എന്‍ കരുണിന്റെയും രഞ്ജിത്തിന്റെയും ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച എംജെആറിന്റെ മറ്റൊരു ദീര്‍ഘകാല ബന്ധം ഡോ. ബിജുവുമായിട്ടായിരുന്നു. എം.ജെ രാധാകൃഷ്ണന്  മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്തതും ബിജുവിന്റെ ചിത്രങ്ങളായിരുന്നു. 'വീട്ടിലേക്കുള്ള വഴി',  'ആകാശത്തിന്റെ നിറം', 'പേരറിയാത്തവർ',  'വലിയ ചിറകുള്ള പക്ഷികൾ',  തുടങ്ങി ബിജുവിന്റെ ഏറ്റവും പുതിയ സിനിമയായ 'വെയില്‍ മരങ്ങള്‍' വരെ ആ ബന്ധം നീണ്ടു. ടി.വി.ചന്ദ്രൻ, മുരളി നായർ തുടങ്ങിയവരുടെ കൂടെയും പ്രവർത്തിച്ചു. നാൽപ്പതിലധികം ചലച്ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ചു. നിരവധി ഡോക്യുമെന്ററി-ഹ്രസ്വസിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിച്ചു.

ഫിലിം കാലഘട്ടത്തിലും ഡിജിറ്റൽ കാലഘട്ടത്തിലും ഒരുപോലെ ശോഭിച്ചിരുന്ന, നാച്വറല്‍ ലൈറ്റ് ക്വാളിറ്റിയോടെ സ്‌ക്രീനിലെത്തിച്ചിരുന്ന 'എം.ജെ. ടച്ച്' ഇനി ഓർമ്മയാവുകയാണ്.