• 22 Sep 2023
  • 04: 05 AM
Latest News arrow

കാത്തുസൂക്ഷിച്ച വിജയപ്രതീക്ഷ കിവികൾ കൊത്തിപ്പോയി

മാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ തിളങ്ങുന്ന വിജയവുമായി ന്യൂസീലാൻഡ് ഫെെനലിൽ. ന്യൂസീലാൻഡ് ഉയര്‍ത്തിയ 240 റണ്‍സ് പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം 221 റണ്‍സില്‍ അവസാനിച്ചു. 

സ്കോര്‍: ന്യൂസീലാൻഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239
ഇന്ത്യ- 49.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്

 240 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയെ  തുടക്കത്തിൽ തന്നെ ന്യൂസീലാൻഡ് ഞെട്ടിച്ചു. പത്തോവറിനു മുൻപ് നാലുപേരെ ന്യൂസീലാൻഡ് തിരിച്ചയച്ചു.  ഓപ്പണർമാരായ രോഹിത് ശർമ (1), കെ. എൽ. രാഹുൽ (1), ക്യാപ്റ്റൻ വിരാട് കോലി (1), ദിനേഷ് കാർത്തിക് (6) എന്നിവരാണ് മടങ്ങിയത്.

പിന്നീട് ശ്രദ്ധയോടെ  മുന്നേറിയ ഋഷഭ് പന്ത് 56 പന്തില്‍ 32 റണ്‍സെടുത്തു പുറത്തായി. പിന്നാലെ ഹാര്‍ദിക്കും (32) പോയി.

പിന്നീടാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് പ്രതീക്ഷ നൽകി രവീന്ദ്ര ജഡേജ - എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. ജഡേജയുടെ കരുത്തില്‍ ഇന്ത്യ ജയിക്കാൻ ശ്രമം തുടങ്ങി. നൂറ് റണ്‍സ് കൂട്ടുകെട്ടും കടന്ന് ധോണി-ജഡേജ സഖ്യം മുന്നേറിയതോടെ ന്യൂസീലാൻഡ് സമ്മർദ്ദത്തിലായി. എന്നാല്‍, ധോണിക്ക് ബൗണ്ടറികള്‍ കണ്ടെത്താനായില്ല.  59 പന്തില്‍ 77 റണ്‍സ് നേടി ഗംഭീര പ്രകടനമാണ് ജഡേജ കാഴ്ച വെച്ചത്.  പിന്നീട് ധോണി സിക്സ് അടിച്ച് പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും 48-ാം ഓവറില്‍ റണ്‍ഔട്ടായതോടെ (72 പന്തില്‍ 50 റണ്‍സ്) ന്യൂസീലാൻഡ് വിജയം ഉറപ്പിക്കുകയായിരുന്നു.

ഇതോടെ, ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലോകകപ്പ് നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഇന്ത്യ ഫൈനലിലെത്താതെ കണ്ണീരോടെ മടങ്ങുകയാണ്.

ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ളണ്ട് പോരാട്ടത്തിലെ വിജയികളെ ന്യൂസീലാൻഡ്‌ ഫൈനലിൽ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.