• 22 Oct 2019
  • 03: 34 AM
Latest News arrow

ഗോവ കോണ്‍ഗ്രസിലും പൊട്ടിത്തെറി; പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

പനാജി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നാലെ ഗോവ കോണ്‍ഗ്രസിലും പൊട്ടിത്തെറി. കോണ്‍ഗ്രസിന്റെ ആകെയുള്ള പതിനഞ്ചില്‍ പത്ത് എംഎല്‍എമാരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേല്‍ക്കറുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രവേശനം. ഇവര്‍ സ്പീക്കറെ കണ്ട് തീരുമാനം അറിയിച്ചു. കോണ്‍ഗ്രസ് വിട്ട എംഎല്‍എമാര്‍ ഇന്ന് ഡല്‍ഹിയിലെത്തി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തും.

മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാരും പാര്‍ട്ടി വിടുന്നതിനാല്‍ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയില്‍ വിഷയം വരില്ല. നാല്‍പത് അംഗ ഗോവ നിയമസഭയില്‍ ബിജെപിക്ക് നിലവില്‍ 17 എംഎല്‍എമാരാണുളളത്. കോണ്‍ഗ്രസ് വിമതര്‍ കൂടി എത്തുന്നതോടെ ബിജെപിയുടെ കക്ഷിനില 27 ആകും. നിലവില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടേയും സ്വതന്ത്രന്മാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്. അംഗസംഖ്യ 21 കടക്കുന്നതോടെ സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷം ബിജെപിക്ക് ലഭിക്കും. ഇതോടെ ഗോവ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി നടക്കുമെന്നാണ് സൂചന.