• 16 Jul 2019
  • 06: 42 AM
Latest News arrow

'ചന്ദ്രയാൻ-2' വിക്ഷേപണത്തിനൊരുങ്ങി; ജൂലായ് 15 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക്

ന്യൂദൽഹി: ഈ മാസം 15-ന് 'ചന്ദ്രയാൻ-2' വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി മാർക്ക് - 3 എന്ന ഇന്ത്യയുടെ വിക്ഷേപണ വാഹനത്തിലേറിയാകും 'ചന്ദ്രയാന്‍-2' ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി കുതിക്കുക. 1,000 കോടി രൂപ  ചെലവിൽ വിക്ഷേപിക്കുന്ന ഈ  കൂറ്റൻ പേടകം ചന്ദ്രോപരിതലത്തിൽ അതിസങ്കീർണമായ ലാൻഡിംഗിനാണ് ഒരുങ്ങുന്നത്. 3.8 ടൺ ഭാരമാണ് 'ചന്ദ്രയാൻ - 2' പേടകത്തിനുള്ളത്. പൂർണ്ണമായും ഇന്ത്യയിൽ നിർമിച്ച ഈ പേടകത്തിൽ പ്രധാനമായും 14 പരീക്ഷണോപകരണങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മൂന്ന് മൊഡ്യൂളുകളാണ് 'ചന്ദ്രയാൻ-2' ദൗത്യത്തിലുള്ളത്. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണിവ.

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിക്ക് ആദരമർപ്പിച്ചുകൊണ്ട് 'വിക്രം' എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് പേര് നൽകിയിരിക്കുന്നത്. ഇതുപയോഗിച്ച് സോഫ്റ്റ് ലാൻഡിംഗ് രീതി 'ചന്ദ്രയാൻ-2' ലൂടെ ഐഎസ്ആർഒ ആദ്യമായി പരീക്ഷിക്കുകയാണ്. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് റഷ്യയും അമേരിക്കയും ചൈനയും  മാത്രമാണ്.

ഇതുവരെ, 'ചന്ദ്രയാൻ -1' ദൗത്യത്തിലടക്കം ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആർഒ അവലംബിച്ചിരുന്നത്. കൂടാതെ, ചന്ദ്രന്‍റെ മധ്യരേഖയിലൂടെ തെക്കോട്ട് മാറിയുള്ള ദക്ഷിണധ്രുവത്തിൽ  ഇതുവരെ ഒരു ബഹിരാകാശ വാഹനവും ഇറങ്ങിയിട്ടുമില്ല. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമാണിത്.

റോവറിന്‍റെ പേര് 'പ്രഗ്യാൻ' എന്നാണ്. ചന്ദ്രന്‍റെ ഉപരിതലത്തിൽ കറങ്ങി വിവരങ്ങളെത്തിക്കലാണ് 27 കിലോ ഭാരമുള്ള, ആറ് ചക്രങ്ങളുള്ള 'പ്രഗ്യാന്‍റെ' ജോലി. പ്രഗ്യാൻ ചന്ദ്രനിലെ  മണ്ണ് പരിശോധിക്കുകയും ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

'ചന്ദ്രയാൻ - 2'ന്‍റെ ഓർബിറ്റർ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ പകർത്തും. ലാൻഡറിന്‍റെ ഭാരം ഏതാണ്ട് 1,471 കിലോഗ്രാമാണ്. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും അവിടത്തെ താപനിലയും ഓർബിറ്റർ പരിശോധിക്കും.

തമിഴ്‍നാട്ടിലെ മഹേന്ദ്രഗിരിയിലും കർണാടകയിലെ പരീക്ഷണകേന്ദ്രത്തിലും നടന്ന അവസാനഘട്ട മിനുക്കുപണികൾക്കു ശേഷം മൊഡ്യൂളുകൾ തമ്മിൽ യോജിപ്പിച്ചത് ഐഎസ്ആർഒയുടെ ബംഗളുരു ക്യാംപസിൽ വച്ചാണ്. ഇതിന് ശേഷം പേടകത്തെ ശ്രീഹരിക്കോട്ടയിലെത്തിച്ചു.