• 19 Sep 2020
  • 04: 47 AM
Latest News arrow

അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം

(സംസ്ഥാന വിവരാവകാശ കമ്മീഷന്റെ 2017 ജനുവരി 31-ാം തീയതിയിലെ ഒരു സുപ്രധാന വിധിയുടെ പശ്ചാത്തലത്തിലുള്ള പഠനം)

നീതി എക്കാലത്തും മനുഷ്യന്റെ അവകാശ മാണ്. നീതി നടപ്പായാല്‍ മാത്രം പോരാ, അത് നടപ്പിലായി അറിയേണ്ടവരെല്ലാം അറിയുമ്പോഴാണ് നീതിനിര്‍വ്വഹണം അതിന്റെ പരിപൂര്‍ണ്ണതയിലെത്തുന്നത്. അതുപോലെ തന്നെ പ്രധാനമാണ് നീതി കാലതാമസം കൂടാതെ നടപ്പിലാകുക എന്നത്. വൈകിയെത്തുന്ന നീതി, നീതിനിഷേധത്തിന് സമാനമാണ്. അതായത് അര്‍ഹിക്കുന്നവന് നീതി ലഭിക്കണം, അത് കാലതാമസം കൂടാതെ ലഭിക്കണമെന്ന് ചുരുക്കം.

മുകളില്‍ പറഞ്ഞ അടിസ്ഥാനപരമായ വസ്തുതകളുടെ വെളിച്ചത്തില്‍ വളരെ പ്രാധാന്യമേറിയതും വിപ്ലവകരവുമായ ഒരു വിധിന്യായം കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 2017 ജനുവരി മാസം 31-ാം തീയതി പുറപ്പെടുവിച്ചു. (AP No: 1078(1)/2014/SIC dt: 31-01-2017). അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കാനിടയില്ലാത്ത ആ വിധിന്യായം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളവും സമൂഹത്തെ സംബന്ധിച്ചിടത്തോളവും വിലമതിക്കാനാവാത്തതാണ്.

21-6-2005ല്‍ പാര്‍ലമെന്റ് പാസ്സാക്കിയതും, 12-10-2005ന് പ്രാബല്യത്തില്‍ വന്നതുമാണ്. ''ദി റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്'' എന്ന 'അറിയാ നുള്ള അവകാശ നിയമം'. ഈ നിയമം ഇന്ത്യയിലെ ഏതൊരു പൗരനും തുല്യമായി അവകാശപ്പെട്ടതാണ്.

ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച്, ഇന്ത്യയുടെ സുരക്ഷയേയും പരമാധികാരത്തെയും ബാധിക്കുന്നതും, പാര്‍ലമെന്റിന്റെയും സംസ്ഥാന അസംബ്ലികളുടെയും പ്രത്യേക പരിരക്ഷകള്‍ ഹനിക്കുന്നതും തുടങ്ങി പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതുള്‍പ്പെടെ പത്തു വകുപ്പുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയല്ലാതെ മറ്റെല്ലാ സര്‍ക്കാര്‍ രേഖകളും കാണുവാനും, അവയില്‍നിന്ന്  നോട്ടുകള്‍ കുറിച്ചെടുക്കുവാനും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ഇലക്ട്രോണിക് മാധ്യമങ്ങളുള്‍പ്പെടെ) കൈപ്പറ്റുവാനും അപേക്ഷകന് അവകാശമുണ്ട്.

ഇങ്ങനെ നോക്കുമ്പോള്‍ പൗരന്റെ നിത്യജീവിതത്തെ പ്രത്യക്ഷ മായോ പരോക്ഷമായോ ബാധിക്കുന്ന  ഏതുവിഷയത്തിലും അതിന്റെ നിജസ്ഥിതി അറിയുവാന്‍ അവകാശമുണ്ടെന്നും  അത് നിഷേധിക്കപ്പെടാന്‍ കഴിയില്ലെന്നും ചുരുക്കം.

ഇനി ഈ അവലോകനക്കുറിപ്പിനാധാരമായുള്ള വസ്തുതകളുടെ പശ്ചാത്തലത്തിലേക്ക്-

സാധാരണഗതിയില്‍ ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞാല്‍, അപ്പീലുകളുള്‍പ്പെടെ അവസാന വിധിക്ക് 20ഉം 25ഉം വര്‍ഷങ്ങള്‍ കഴിയുക എന്നത് അത്യപൂര്‍വ്വമാണെന്ന് പറഞ്ഞുകൂടാ. ഇതില്‍ പലതിലും, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അതീവസുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന വിരലടയാള രജിസ്റ്ററുകള്‍ കോടതി ഉത്തരവിന്‍പ്രകാരം കോടതിയില്‍ വരുത്തി, അതിലെ തര്‍ക്കപ്പെട്ട  വിരലടയാളമോ ഒപ്പോ എക്‌സ്പര്‍ട്ടിനെക്കൊണ്ട് പരിശോധന നടത്തി, തര്‍ക്കപ്പെട്ട  രേഖയുടെ സത്യാവസ്ഥ മനസ്സിലാക്കുക എന്നത് അതീവ പ്രാധാന്യമര്‍ഹിക്കുന്ന  ഒരു ഘട്ടമാണ്. ഈ ഒരു സ്ഥിതിയില്‍ ഒരു സിവില്‍കേസെടുത്താൽ, കേസുകളുടെ എണ്ണവും, കോടതി നടപടികളിലെ സങ്കീര്‍ണ്ണതകളും, പരിശോധിക്കപ്പെടേണ്ട രേഖയുടെ പ്രാധാന്യവും പരിഗണിക്കുമ്പോള്‍, എട്ടോ പത്തോ വര്‍ഷങ്ങള്‍വരെ കാലതാമസം ഉണ്ടാവുക സ്വാഭാവികം മാത്രം.

ഈ പശ്ചാത്തലത്തിലാണ് മുകളില്‍ സൂചിപ്പിച്ച വിധിന്യായത്തിന്റെ പ്രസക്തിയേറുന്നത്. ആ വിധിന്യായമനുസരിച്ച്, സബ്‌രജിസ്ട്രാര്‍ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ ലഭിച്ചാല്‍ മുപ്പതു ദിവസത്തിനകം അപേക്ഷകനോ, അപേക്ഷകന്‍ അധികാരപ്പെടുത്തിയ എക്‌സ്പര്‍ട്ടിനോ തര്‍ക്കത്തില്‍പ്പെട്ടതും രജിസ്റ്ററില്‍ ഉള്ളതുമായ വിരലടയാളത്തിന്റെയും കൈയൊപ്പിന്റെയും മൈക്രോഫോട്ടോഗ്രാഫുകളും മാക്രോ ഫോട്ടോഗ്രാഫുകളും എടുക്കുവാന്‍ അനുമതി ലഭിക്കുന്നു.

സബ്‌രജിസ്ട്രാറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന  ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തില്‍, മുന്‍ നിശ്ചയപ്രകാരം ആവശ്യമായ ഫോട്ടോഗ്രാഫു കള്‍ എടുത്തുകഴിഞ്ഞാല്‍ അനുമതി പ്രകാരം ഫോട്ടോഗ്രാഫുകള്‍ എടുത്തു കഴിഞ്ഞു എന്ന  വിവരം എഴുതി കൊടുക്കുകയും ചെയ്യുന്നു.

ഈ നടപടിക്രമങ്ങള്‍ക്കിടക്ക് വിരലടയാള രജിസ്റ്റര്‍ കൈകൊണ്ടോ മറ്റെന്തെങ്കിലും ഉപകരണങ്ങള്‍ കൊണ്ടോ എക്‌സ്പര്‍ട്ട് സ്പര്‍ശിക്കേണ്ട ആവശ്യം വരുന്നില്ല. പകല്‍വെളിച്ചത്തില്‍, ക്യാമറ ഉപയോഗിച്ച്, ഫോറന്‍സിക് ഫോട്ടോഗ്രാഫിയുടെ മാനദണ്ഡമനുസരിച്ച് ഫോട്ടോ  എടുക്കുക മാത്രമേ ചെയ്യുുള്ളു. രജിസ്റ്ററിന് ഒരു തരത്തിലുമുള്ള കേടുപാടുകളും സംഭവിക്കുന്നില്ല.

ഇനിയാണ് അടുത്ത ഘട്ടം. എക്‌സ്പര്‍ട്ട് ഫോട്ടോ  എടുത്തു കഴിഞ്ഞാല്‍ തര്‍ക്കപ്പെട്ട രേഖ, രേഖാമൂലം എക്‌സ്പര്‍ട്ടിന് കൈമാറുകയും അവയിലെ തര്‍ക്കപ്പെടുന്നതോ അംഗീകരിക്കപ്പെട്ടതോ ആയ വിരലടയാളം  അഥവാ കൈയൊപ്പിന്റെ ആവശ്യമായ ഫോട്ടോഗ്രാഫുകള്‍ എടുത്ത് വിരലടയാള രജിസ്റ്ററിലെയും രേഖകള്‍ തമ്മില്‍ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി അപേക്ഷകന് നല്‍കുന്നു. അതിന്റെ വെളിച്ചത്തില്‍ അപേക്ഷകന് അഥവാ പരാതിക്കാരന് സംശയിക്കപ്പെട്ട  രേഖയുടെ സത്യാവസ്ഥ മനസ്സിലാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാം.

തര്‍ക്കപ്പെട്ട ആധാരത്തിലുള്ളതും വിരലടയാള രജിസ്റ്ററില്‍ ഉള്ളതും എന്റെ വിരലടയാളമല്ല എന്ന്  ഒരു വ്യക്തി വാദിച്ചാല്‍ ഈ രണ്ടു രേഖകളിലെയും വിരലടയാളങ്ങളും ആ വ്യക്തിയുടെ വിരലടയാളവും നിയമാനുസരണം റിക്കാര്‍ഡുചെയ്ത് പരിശോധിച്ച് ആരെങ്കിലും ആള്‍മാറാട്ടം  നടത്തിയിട്ടുണ്ടോ എന്ന്  മനസ്സിലാക്കാം.

തര്‍ക്കപ്പെട്ട  വിരലടയാളത്തിന്റെ പേരിനോട് ചേർന്നു കാണുന്ന വ്യക്തി മരണപ്പെട്ടു പോയെന്നിരിക്കട്ടെ  അഥവാ ലഭ്യമായ വിരലടയാളങ്ങള്‍ക്ക് നാല്‍പതോ അന്‍പതോ അറുപതോ നൂറോ വര്‍ഷത്തെ കാലവ്യത്യാസമുണ്ടെന്നിരിക്കട്ടെ, എന്നാലും ആ വ്യക്തിയുടെ നിയമപ്രകാരം അംഗീകരിക്കപ്പെടാവുന്ന  വിരലടയാളവുമായി താരതമ്യപഠനം നടത്തി സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ( കാരണം ലളിതം. ഈ ഭൂമുഖത്തെ ഓരോ വ്യക്തിയുടെയും ഓരോ വിരല്‍ത്തുമ്പിലുമുള്ള അടയാളം ലോകത്ത് ഒന്നു മാത്രം. ഭ്രൂണാവസ്ഥ മുതല്‍ മണ്ണോടലിഞ്ഞുചേരുംവരെ മാറ്റമില്ല. അത്ഭുതകരമായ ഒരു ലളിത ഗണിതമാണിത്. ലോകത്തെ ആകെ വിരലടയാളങ്ങളുടെ സംഖ്യ= ലോകജനസംഖ്യ x 10  - ഓരോന്നും  വ്യത്യസ്തം!)

ഇനി, വിവരാവകാശ നിയമപ്രകാരം ഉള്ള നടപടികളിലേക്ക് കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം.

പ്രധാനമായും, പരിശോധനയുടെ ഫലം അപേക്ഷകന് അനുകൂലമാണെങ്കില്‍, ആ വിഷയത്തില്‍ കോടതി മുഖേനയുള്ള ഒരു തീര്‍പ്പാണ് ആഗ്രഹിക്കുന്നതെങ്കില്‍, ആദ്യം മുതല്‍തന്നെ ചിലകാര്യങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.

കോടതി അംഗീകാരമുള്ള എക്‌സ്പര്‍ട്ടിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ കൈവശമുള്ള രേഖയുടെ അഥവാ രേഖകളുടെ ആധികാരികത, പ്രാക്ടീസ് ചെയ്യു ഒരു ലോയര്‍ സാക്ഷ്യപ്പെടുത്തണം. അപ്രകാരമുള്ള രേഖകള്‍, കോടതി നടപടികള്‍പോലെ തന്നെ ഔദ്യോഗികമായി രേഖാമൂലം എക്‌സ്പര്‍ട്ടിന് ലോയര്‍ കൈമാറേണ്ടതാണ്.

ഇനി, നിജസ്ഥിതി അറിഞ്ഞു കഴിഞ്ഞാല്‍ തര്‍ക്കത്തില്‍പ്പെട്ട വിഷയം മദ്ധ്യസ്ഥന്മാര്‍ മുഖേനയോ കോടതിമുഖേനയോ ഒത്തുതീര്‍പ്പാക്കപ്പെടാനുള്ള അവസരം, ആകെ രണ്ടോ മൂന്നോ  മാസങ്ങള്‍ക്കകം ലഭിക്കുന്നു  എന്നുള്ളത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാര്യമല്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പും പണച്ചിലവും കൂടാതെ പ്രശ്‌നങ്ങള്‍ നീതിപൂര്‍വ്വം അവസാനിപ്പിക്കാനുള്ള ലളിതമായ മാര്‍ഗ്ഗം.

പതിനഞ്ചോ, ഇരുപതോ വര്‍ഷം കേസുനടത്തി, ജീവിതത്തിന്റെ പ്രധാനഘട്ടം  പിന്നിട്ടശേഷം ഒരു തീര്‍പ്പാവുമ്പോൾ  ഈ കാലഘട്ടത്തിലെല്ലാം അനുഭവിച്ച മനോവേദനയുടെ ആഴത്തിലുള്ള മുറിവുണക്കാന്‍ ആ വിധിന്യായം കൊണ്ടു കഴിയുമോ- ഇതിനിടയില്‍ ഈ കേസിലുള്‍പ്പെട്ട  എത്രയോ വ്യക്തികള്‍ ചാരമായിക്കഴിഞ്ഞിട്ടുണ്ടാവും; മണ്ണോടലിഞ്ഞു ചേർന്നിട്ടുണ്ടാവും!

ഈ സാമാന്യബോധത്തിന്റെ അടിസ്ഥാനത്തില്‍, നീതിനിര്‍വ്വഹണ ത്തിന്റെ പ്രാഥമിക ധര്‍മ്മമെന്ന നിലയിലും സമൂഹത്തോടുള്ള കടമ എന്ന നിലയിലും കേരള ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്ന  ആര്‍ബിട്രേഷന്‍ ബെഞ്ചിന്റെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തിയാല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പും ചിലവും അധ്വാനവും ഒഴിവാക്കാമെന്നതും സാധാരണക്കാരന് ഒരനുഗ്രഹം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

ഒരു തുണ്ടു ഭൂമിയുടെ പേരില്‍ അല്ലെങ്കില്‍ മരണപ്പെട്ട വ്യക്തി എഴുതിവച്ച ഒരു വില്‍പ്പത്രത്തിന്റെ പേരില്‍, കോടതി വരാന്തകളില്‍ സ്വന്തം ചോരയില്‍ പിറന്ന കൂടപ്പിറപ്പിനെ കണ്ടാല്‍ മുഖം തിരിഞ്ഞു നടക്കേണ്ട അവസ്ഥ, സ്വന്തമെന്നു  കരുതി ഒരു കാലത്ത് ജീവിതം അല്ലെങ്കില്‍ സൗഹൃദം പങ്കുവെച്ചവര്‍ തമ്മില്‍ കണ്ടാല്‍ ഉള്ളു പിടയുമ്പോള്‍ പോലും മുഖത്ത് കൃത്രിമമായി വരുത്തിയ വിരോധത്തിന്റെ ആവരണത്തില്‍ അകന്നു  മാറേണ്ടി വരുന്ന  അവസ്ഥ; അത് എത്രമാത്രം ദയനീയമാണ്! എത്രമാത്രം സങ്കടകരമാണ്!

സത്യം എക്കാലത്തും സത്യം തന്നെയാണ്, അതൊന്നേയുള്ളു, അതിന് മരണമില്ല. മരണമില്ലാത്ത സത്യത്തെ എത്രയും പെട്ടെന്ന്  കണ്ടെത്തി, പ്രശ്‌നങ്ങള്‍ക്ക് രമ്യമായ, നീതിപൂര്‍വ്വകമായ പരിഹാരം കണ്ടെത്തി, ശിഥിലമാ യേക്കാവുന്ന കുടുംബബന്ധങ്ങളെ, വ്യക്തിബന്ധങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുവാനും ജീവിതം കോടതി വരാന്തകളില്‍ ഹോമിക്കപ്പെടാതെ കാക്കാനും ഈ ലേഖനത്തിനാധാരമായ വിധിന്യായത്തിന് കഴിയുന്നു  എന്നത് ഈ വിധിന്യായത്തിന്റെ സാമൂഹ്യ പ്രസക്തി എത്രമാത്രം വലുതാണെന്ന് കാണിക്കുന്നു.

അറിയാനുള്ള അവകാശം കേവലം അറിയാനുള്ള അവകാശം മാത്രമല്ലെന്നും കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും കാത്തുസൂക്ഷിക്കാന്‍ നിയമങ്ങള്‍ക്കു സാധിക്കുമെന്നും  2017 ജനുവരി മാസം 31-ാം തീയതി അന്നത്തെ കേരള വിവരാവകാശ കമ്മീഷണര്‍  ആയിരുന്ന വിന്‍സൺ എം. പോള്‍ എന്ന  വ്യക്തിക്ക്  സാധിച്ചിരിക്കുന്നു . പ്രസ്തുത വിധിന്യായത്തിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ച പാലക്കാട്ടെ എം. കൃഷ്ണപ്രസാദ് എന്ന  വ്യക്തിയും സമൂഹത്തിന് നല്‍കിയ സംഭാവനയുടെ മഹത്വം കാലം തെളിയിക്കുക തന്നെ ചെയ്യും.

മുകളില്‍ പറഞ്ഞ തരത്തില്‍, കോടതികള്‍ അംഗീകരിക്കുന്ന ഒരു എക്‌സ്പര്‍ട്ടിനെ  കണ്ടെത്തുക ദുഷ്‌കരമായ കാര്യമല്ല. കേരള ഹൈക്കോടതി പ്രസിദ്ധീകരണമായ I.L.R ( Indian Law Reports) ല്‍ നിന്നോ  സ്വകാര്യ പ്രസിദ്ധീകരണമായ KLT ( Kerala Law Times) ല്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ കണ്ടെത്തുക ബുദ്ധിമുട്ടില്ലാത്ത കാര്യമാണ് എന്നു കൂടി രേഖപ്പെടുത്തട്ടെ.

കേരളം മുഴുവന്‍ അധികാര പരിധിയുള്ള ഒരു സിവില്‍ കോടതിയുടെ അധികാരങ്ങളുള്ള സ്ഥാപനത്തിന്റേതാണ് ഈ ഉത്തരവ് എന്നുള്ളതും ഇത് ചോദ്യം ചെയ്യപ്പെടാനാവാത്തതാണ് എന്നുള്ളതും ഈ വിധിയുടെ പ്രാധാന്യവും പ്രസക്തിയും വെളിവാക്കുന്നു.

പ്രത്യേക അപേക്ഷാഫോറമില്ലാതെ പത്തു രൂപമുതല്‍, ആവശ്യപ്പെടുന്ന  റിക്കാര്‍ഡുകളുടെ എണ്ണവും സ്വഭാവവും അനുസരിച്ച്,  ഫീസ് കോർട്ട് ഫീ  സ്റ്റാമ്പായോ, ഡി.ഡിയായോ പണമായോ ഒടുക്കി, അപേക്ഷ ഓരോ ഓഫീസിലും അതിനായി ചുമതലപ്പെടുത്തപ്പെട്ട  ഉദ്യോഗസ്ഥന് നേരിട്ടോ തപാല്‍മുഖേനയോ സമര്‍പ്പിച്ചാല്‍, 30 ദിവസത്തിനകം ആവശ്യപ്പെട്ടിട്ടുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അഥവാ മറുപടി അയച്ചുകിട്ടുന്നതാണ്.  എന്തിനുവേണ്ടിയാണ് ഇപ്രകാരം ആവശ്യപ്പെടുന്നത് എന്ന്  (വകുപ്പ് 5/5.1(6) അനുസരിച്ച്) അപേക്ഷയില്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ല. എന്നു കൂടി സൂചിപ്പിച്ചുകൊള്ളട്ടെ.

ഈ ലേഖനം അവസാനിപ്പിക്കുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് 1969 ജൂലൈ മാസം 20-ാം തീയതി ചന്ദ്രനില്‍ കാലുകുത്തിയ ആദ്യമനുഷ്യനായ നീല്‍ ആംസ്‌ട്രോംഗിന്റെ അപ്പോഴത്തെ വാക്കുകളാണ്. '' മനുഷ്യന് അതൊരു ചുവടുവെയ്പ്- മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം.'' ( That's one small step for man, one giant leap for mankind).