• 22 Sep 2023
  • 04: 41 AM
Latest News arrow

ഫൈനലുറപ്പിക്കാൻ ഇന്ത്യ; മഴപ്പേടിയിൽ മാഞ്ചസ്റ്റർ

മാഞ്ചസ്റ്റര്‍: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഉറപ്പിക്കാൻ  ടീം ഇന്ത്യ ഇന്ന് ന്യൂസീലാൻഡിനെ നേരിടും. ഇതുവരെയുള്ള ലോകകപ്പുകളില്‍ ഇന്ത്യക്ക് എട്ടാം സെമിഫൈനൽ ആണ് ഇന്ന്. മൂന്ന് വട്ടം ഫൈനലിലെത്തി. രണ്ടുവട്ടം കപ്പും നേടി. അതേസമയം, ഏഴ് സെമിയിൽ ആറിലും തോൽക്കുകയായിരുന്നു ന്യൂസീലാൻഡ്.

സന്നാഹ മത്സരത്തിൽ ന്യൂസീലാൻഡ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മഴ കാരണം കളി നടന്നില്ല. സെമിയിൽ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍ എന്ന് കേട്ടപ്പോഴേ ഫൈനല്‍ ഉറപ്പിച്ച ആരാധകർ അറിയേണ്ട ഒന്നുണ്ട്. ഐസിസി ടൂര്‍ണമെന്‍റുകളില്‍ നേര്‍ക്കുനേര്‍ വന്ന 10 മത്സരങ്ങളില്‍ ഏഴിലും ഇന്ത്യയെ ന്യൂസീലാൻഡ് മറികടന്നിരുന്നു.

മാഞ്ചസ്റ്ററില്‍ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകിട്ട് മൂന്നിനാണ് കളി തുടങ്ങുന്നത്.

എന്നാല്‍ സെമിഫൈനല്‍ മത്സരങ്ങള്‍ മഴനിഴലിലാണ്. മത്സരം നടക്കുന്ന മാഞ്ചസ്റ്ററിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം . ഇന്ന് പ്രാദേശിക സമയം രാവിലെ പത്ത് മണിമുതൽ മാഞ്ചസ്റ്ററിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. റിസർവ് ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ മഴയുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്. മാഞ്ചസ്റ്ററിൽ ടോസിനു ശേഷം മഴ പെയ്താൽ  കളിയുടെ ബാക്കി റിസർവ് ദിവസത്തിൽ നടക്കും. രണ്ടാമതും ടോസിട്ട് മത്സരം പുതിയതായി തുടങ്ങില്ല. രണ്ടാം ദിവസവും മഴപെയ്താൽ മഴനിയമ പ്രകാരം വിജയിയെ നിശ്ചയിക്കും. മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ടീം ഫൈനലിലേക്ക് കടക്കും.

അങ്ങനെയെങ്കിൽ, ആദ്യസെമി മഴ മൂലം ഉപേക്ഷിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയ ഇന്ത്യ ഫൈനലിലേക്കെത്തും. 1999 ലോകകപ്പിൽ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം മഴ തടസ്സപ്പെടുത്തിയിരുന്നു. രണ്ടാം ദിവസമാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്.

അതേസമയം, ലോകകപ്പിൽ ഇന്ത്യ- ന്യൂസീലാൻഡ് സെമി ഫൈനൽ നടക്കുമ്പോൾ അതിന് മറ്റൊരു അപൂർവ്വത കൂടിയുണ്ട്. 11 വര്‍ഷങ്ങൾക്ക്  മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസീലാൻഡ് നായകന്‍ കെയ്ൻ വില്യംസണും അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഇരുടീമുകളെയും നയിച്ചിരുന്നതും ഇവര്‍ തന്നെയായിരുന്നു. അന്ന് സെമിഫൈനലില്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തി കോലിയുടെ 'അണ്ടര്‍ 19 ടീം ഇന്ത്യ' ഫൈനലിലെത്തുകയും കപ്പ് നേടുകയും ചെയ്തു.