• 16 Jul 2019
  • 06: 45 AM
Latest News arrow

വ്യോമാഭ്യാസ സെല്‍ഫികളുമായി ഇന്ത്യയും ഫ്രാൻസും

പാരീസ്: യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനിടെ സെല്‍ഫിയെടുത്ത് ഇന്ത്യന്‍, ഫ്രഞ്ച് പൈലറ്റുമാര്‍.

ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി ഫ്രാന്‍സില്‍ നടത്തുന്ന 'ഗരുഡ' വ്യോമാഭ്യാസത്തിനിടെയാണ് ഇവർ സെൽഫിയെടുത്തത്. വ്യോമാഭ്യാസത്തിനിടെ ഫ്രഞ്ച് പൈലറ്റ് ഇന്ത്യയുടെ സുഖോയ് 30 യുദ്ധ വിമാനവും ഇന്ത്യന്‍ പൈലറ്റ് ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധ വിമാനവും പറത്തിയാണ് സെല്‍ഫിയെടുത്തത്.

ഇന്ത്യന്‍ വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റായ സൗരബ് അംബൂര്‍ ആണ് ഇന്ത്യക്ക് വേണ്ടി റഫാല്‍ യുദ്ധ വിമാനം പറത്തിയത്. വ്യോമാഭ്യാസ സെല്‍ഫികള്‍ ഇന്ത്യന്‍ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയുംട്വീറ്റ് ചെയ്തു.

നാല് സുഖോയ് വിമാനങ്ങളും ഐഎല്‍-78 എഫ്ആര്‍എ ഇന്ധന വിമാനവുമായാണ് വ്യോമസേന ഫ്രാന്‍സിലെത്തിയത്. ഇതിനൊപ്പം വ്യോമസേന പൈലറ്റുമാരുള്‍പ്പെടെ 120 സൈനികരുമുണ്ടായിരുന്നു. റഫാല്‍, ആല്‍ഫാ ജെറ്റ്, മിറാഷ് 2000,സി-135, ഇ3എഫ്, സി130, കാസ തുടങ്ങിയ വിമാനങ്ങളാണ് ഫ്രഞ്ച് വ്യോമസേന അണി നിരത്തിയത്. ഇരുസേനകളുടെയും പ്രവര്‍ത്തന ക്ഷമത പരിശോധിക്കുകയും പുതിയ തന്ത്രങ്ങള്‍ പങ്കുവെയ്ക്കുകയുമാണ് വ്യോമാഭ്യാസത്തിന്റെ ലക്ഷ്യം.

യുദ്ധവിമാനങ്ങള്‍ പറത്തുന്നതിലെ അനുഭവങ്ങളും അറിവുകളും പരസ്പരം പങ്കുവെക്കുന്നതിന് ഇത്തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന വ്യക്തമാക്കി. നേരത്തെ ഗരുഡയുടെ ഭാഗമായി തന്നെ ആകാശത്ത് വെച്ച് സുഖോയ് 30എംകെഐ വിമാനത്തില്‍ ഇന്ധനം നിറച്ചും ഇന്ത്യന്‍ വ്യോമസേന ചരിത്രം കുറിച്ചിരുന്നു.

ജൂലൈ 1-നാണ്  ഫ്രാന്‍സിലെ മോണ്ട്-ഡി-മാര്‍സന്‍ എയര്‍ ബേസില്‍ വ്യോമാഭ്യാസം ആരംഭിച്ചത്. 14 വരെ നീണ്ടുനിൽക്കും.