• 19 Sep 2019
  • 12: 20 AM
Latest News arrow

പെട്ടിയില്ല, അശോക ചിഹ്നം പതിച്ച ചുവന്ന തുണിയില്‍ കന്നി ബജറ്റുമായി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കന്നി ബജറ്റ് അവതരണത്തിന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തിയത് കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം ചുവന്ന തുണിസഞ്ചിയില്‍ ബജറ്റ് നിര്‍ദേശങ്ങളുമായാണ് നിര്‍മലയെത്തിയത്. ആ പൊതിയില്‍ ദേശീയ ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

ടി.ടി.കൃഷ്ണമാചാരി ഫയല്‍ ബാഗുമായി വന്നതൊഴിച്ചാല്‍ കൊളോണിയല്‍ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയില്‍ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ആ ചരിത്രമാണ് മാറിയിരിക്കുന്നത്.

"ഇതാണ് ഇന്ത്യന്‍ പാരമ്പര്യം. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തില്‍ നിന്ന് നമ്മള്‍ വേര്‍പെടുന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല, മറിച്ചൊരു ലഡ്ജര്‍ (കണക്കു പുസ്തകം) ആണ്."- മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറഞ്ഞു.

നിര്‍മലാ സീതാരാമന്റെ അച്ഛന്‍ നാരായണന്‍ സീതാരാമനും അമ്മ സാവിത്രിയും ബജറ്റ് അവതരണം കാണുന്നതിനായി പാര്‍ലമെന്റില്‍ എത്തിയിരുന്നു.

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണമാണ് ഇന്ന് നടന്നത്. രാജ്യത്തെ ഈ വര്‍ഷം 3 ട്രില്യന്‍ ഡോളര്‍ മൂല്യമുള്ള സമ്പദ്ഘടനയാക്കി ഉയര്‍ത്തുമെന്ന് നിര്‍മല ബഡ്ജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2014ല്‍ 1.85 ട്രില്യന്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യനിലെത്തി. ഈവര്‍ഷം അത് 3 ട്രില്യന്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പെട്രോളിനും ഡീസലിനും ലീറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ 10ല്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തും.