• 22 Sep 2023
  • 04: 50 AM
Latest News arrow

ലോകകപ്പിൽ 'സംപൂജ്യ'രായി അഫ്ഗാൻ; 'ഭാഗ്യാ'ന്വേഷണത്തിൽ പാക്കിസ്ഥാൻ

ലീഡ്സ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് നിറം മങ്ങിയ വിജയം. ഈ ലോകകപ്പിലെ ഇരുടീമുകളുടേയും ഒൻപതാമത്തേയും അവസാനത്തേതുമായ മത്സരമായിരുന്നു ഇത്. എന്നാല്‍, ലോകകപ്പിലെ ഒരു മത്സരമെങ്കിലും ജയിക്കുകയെന്ന പ്രതീക്ഷയോടെ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 23 റണ്‍സിന്‍റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 288 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

ഈ ലോകകപ്പിലെ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നാൽ പതിവുപോലെ മധ്യനിര ഉത്തരവാദിത്തം കാണിക്കാതിരുന്നത് അഫ്ഗാന്റെ പരാജയത്തിന് കാരണമായി. വെസ്റ്റിന്‍ഡീസിന്റെ നിലവാരമില്ലാത്ത ഫീല്‍ഡിംഗും മത്സരത്തില്‍ മികച്ച മുന്നേറ്റത്തിന് അഫ്ഗാനിസ്ഥാന് വഴിയൊരുക്കി. 

അതേസമയം, മത്സരശേഷം അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നെയ്ബ് ക്രിക്കറ്റ് ആരാധകരുടെ ട്രോള്‍ ഏറ്റുവാങ്ങുകയാണ്. മത്സരത്തില്‍ സൂര്യപ്രകാശം കാരണം ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയതിന്‍റെ പേരിലാണ് നെയ്ബ് ട്രോള്‍ ചെയ്യപ്പെടുന്നത്.

9 കളിയിൽ നിന്ന് 2 വിജയം മാത്രമുള്ള വെസ്റ്റ് ഇൻഡീസിന് 5 പോയിന്റ് ആണുള്ളത്. 9 കളിയിൽ ഒന്നുപോലും ജയിക്കാത്ത അഫ്ഗാൻ 'സംപൂജ്യ'രായാണ് തിരിച്ചുപോവുന്നത്.

ഇന്ന്  ലോകകപ്പ് മത്‌സരത്തിൽ ഏഷ്യന്‍ പോരാട്ടമാണ് നടക്കുക. സെമിയിലേക്കുള്ള നേരിയ പ്രതീക്ഷയുമായി പാക്കിസ്ഥാനും വിജയിക്കാൻ ബംഗ്ലാദേശും ഇന്നിറങ്ങും. പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള ന്യൂസീലാൻഡിനെ മറികടന്ന് സെമിയില്‍ കടക്കുകയെന്നതാണ് പാക്കിസ്ഥാന് മുന്നിലെ വലിയ വെല്ലുവിളി.

സെമിയിലേക്ക് കടക്കാന്‍ നേരിയ സാദ്ധ്യതയാണ് പാക്കിസ്ഥാനുള്ളത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലാന്‍ഡിനെ പിൻതള്ളി സെമിയിലെത്താന്‍ കഴിയൂ. അതിനാകട്ടെ ഭാഗ്യം തുണയ്ക്കണം.

ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയില്‍  കടന്നിട്ടുള്ളത്.