ഇംഗ്ലണ്ട് ലോകകപ്പ് സെമിയിൽ

ഡര്‍ഹാം: ഐ.സി.സി. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിർണ്ണായക മത്സരത്തില്‍ ന്യൂസീലാന്‍ഡിനെ തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് സെമിഫൈനൽ ഉറപ്പിച്ചു. ഡര്‍ഹാം റിവർസൈഡ് ഗ്രൗണ്ടിൽ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസീലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ക്കുകയായിരുന്നു.
ഇതോടെ ന്യൂസീലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ ആശ്രയിച്ചിരിക്കും. മല്‍സരത്തില്‍ പാക്കിസ്ഥാന്‍ തോല്‍ക്കുകയാണെങ്കില്‍ ന്യൂസീലാന്‍ഡിന് സെമിയില്‍ കയറാം. എന്നാല്‍ പാക്കിസ്ഥാന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ കിവികള്‍ക്കു നാട്ടിലേക്കു പറക്കാം.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസീലാന്‍ഡ് 45 ഓവറില്‍ 186റൺസിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മാര്‍ക് വുഡാണ് കിവീസിനെ തകര്‍ത്തത്.
ഇതോടെ ഇരു ടീമുകളുടേയും പ്രാഥമിക റൗണ്ട് അവസാനിച്ചു. ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുള്ള ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. 11 പോയിന്റുള്ള കിവീസ് നാലാമതും.
അതേസമയം ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കൊപ്പം ന്യൂസീലാന്‍ഡ് സെമിയിലെത്താനാണ് സാധ്യത കൽപ്പിക്കുന്നത്. കാരണം നാലാമതുള്ള ന്യൂസീലാന്‍ഡിന്‍റെ നെറ്റ് റൺറേറ്റ് +0.175ഉം അഞ്ചാം സ്ഥാനക്കാരായ പാക്കിസ്ഥാന്‍റെ നെറ്റ് റൺറൈറ്റ് -0.792ഉം ആണ്. പാക്കിസ്ഥാന് സെമിയിലെത്തണമെങ്കില്‍ നാളെ, വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 316 റൺസിന്‍റെ ജയം നേടണം.
സെമിയിൽ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്നറിയണമെങ്കില്‍ ശനിയാഴ്‌ച വരെ കാത്തിരിക്കണം. അന്നത്തെ ഇന്ത്യ- ശ്രീലങ്ക, ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരങ്ങളാകും സെമി ലൈനപ്പ് തീരുമാനിക്കുക. ഓസ്ട്രേലിയ തോൽക്കുകയും ഇന്ത്യ ജയിക്കുകയും ചെയ്താൽ കോലിപ്പട ഒന്നാം സ്ഥാനത്തെത്തും. അങ്ങനെ സംഭവിച്ചാൽ മിക്കവാറും നാലാം സ്ഥാനക്കാരായി വരുന്ന ന്യൂസീലാന്‍ഡിനെയാവും ഇന്ത്യ സെമിയിൽ നേരിടുക.
ഇന്ന് പോയിന്റ് അടിസ്ഥാനത്തിൽ ലോകകപ്പിൽ നിന്നും പുറത്തായ അഫ്ഗാനിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലാണ് മത്സരം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ