അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; ധോണി ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് സൂചന

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായിരുന്നുവെങ്കിലും സ്റ്റാന്‍ഡ് ബൈ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ടീമിലുള്ള വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം. ഐപിഎല്ലിലും കളിക്കില്ലെന്നും വിദേശ ടി20 ലീഗുകളില്‍ മാത്രമെ കളിക്കൂവെന്നും റായുഡു വ്യക്തമാക്കിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു.
ഇന്ത്യയ്ക്കായി 50 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ചു.
അതിനിടെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും മുതിർന്ന താരവുമായ എംഎസ് ധോണി ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ ടീം മാനേജ്മെന്റ് രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ബിസിസിഐ ഉന്നതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഈ ലോകകപ്പില്‍ ഇതുവരെ ഏഴ് കളികളില്‍ നിന്ന് 223 റണ്‍സ് നേടിയെങ്കിലും ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ധോണിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
ഇന്ത്യക്കായി 348 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി 50.58 റണ്‍സ് ശരാശരിയില്‍ 10723 റണ്‍സ് നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 72 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 98 ടി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സാണ് ധോണിയുടെ പേരിലുള്ളത് .
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ