• 16 Jul 2019
  • 06: 45 AM
Latest News arrow

"മതമാണ് ഇതിന് പ്രേരിപ്പിച്ചതെങ്കില്‍ നിങ്ങള്‍ ഇവിടേക്ക് ചേര്‍ന്നയാളല്ല"- സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് സിദ്ധാര്‍ത്ഥ്

അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന്റെ നിലപാടിനോട് പ്രതികരിച്ച് നടന്‍ സിദ്ധാര്‍ഥ്. മതമാണ് കലയില്‍ നിന്നും സൈറ വസീമിനെ പിന്തിരിപ്പിച്ചതെങ്കില്‍ സൈറ കലയ്ക്ക് ചേര്‍ന്ന ആളല്ലെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇത് നിങ്ങളുടെ ജീവിതമാണ്. ഇഷ്ടമുള്ളത് എന്തായാലും നിങ്ങള്‍ക്ക് ചെയ്യാം. നിങ്ങളുടെ ഭാവിയില്‍ നല്ലത് മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു. നമ്മുടെ കലയും നമ്മുടെ തൊഴിലും നമ്മുടെ ജീവിതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതില്‍ നിന്ന് നമ്മള്‍ മതത്തെ മാറ്റി നിര്‍ത്താന്‍ പോരാടണം. അത് ഇവിടെ ആവശ്യമില്ല. നിങ്ങളുടെ മതമാണ് നിങ്ങളെ ഇതിന് പ്രേരിപ്പിച്ചതെങ്കില്‍ നിങ്ങള്‍ ഇവിടേക്ക് പറ്റിയ ആളല്ല''- സൈറ വസീമിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

അഞ്ച് കൊല്ലത്തെ സിനിമ കരിയര്‍ അവസാനിപ്പിക്കുന്ന കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൈറ ആരാധകരെ അറിയിച്ചത്. അഞ്ച് വര്‍ഷമായി തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയിലും സന്തോഷം ലഭിച്ചിട്ടില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും ഇത് തന്റെ സ്ഥലമായി അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചു, പക്ഷെ താന്‍ അറിയാതെ തന്നെ തന്റെ വിശ്വാസത്തില്‍ നിന്ന് അകലുകയായിരുന്നെന്നുമാണ് സൈറ ട്വീറ്റ് ചെയ്തത്.

ഖുറാനും അള്ളാഹുവിന്റെ മാര്‍ഗ നിര്‍ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ പറഞ്ഞിരുന്നു. വിജയങ്ങളോ, പ്രശസ്തിയോ, അധികാരമോ, സമ്പത്തോ ഒരുവന്റെ വിശ്വാസത്തെയും സമാധാനത്തെയും നഷ്ടപെടുത്തുന്നതോ പണയപ്പെടുത്തുന്നതോ ആവരുതെന്നും സൈറ പറഞ്ഞിരുന്നു.

'ദംഗലി'ലെ അഭിനയത്തിന് മികച്ച സഹതാരത്തിനും 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' എന്ന ചിത്രത്തിന് മികച്ച നടിക്കുമുള്ള (ജൂറി പരാമര്‍ശം) ദേശീയ പുരസ്‌കാരം സൈറ കരസ്ഥമാക്കിയിരുന്നു. പ്രിയങ്ക ചോപ്രയും ഫര്‍ഹാന്‍ അക്തറും ഒന്നിക്കുന്ന 'സ്‌കൈ ഈസ് പിങ്കി'ലാണ് സൈറ ഒടുവില്‍ വേഷമിട്ടത്.