• 22 Sep 2023
  • 04: 59 AM
Latest News arrow

ക്രിക്കറ്റ് ആവേശവുമായി ചാരുലത അമ്മൂമ്മ; അനുഗ്രഹം വാങ്ങി കോലിയും രോഹിതും; ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ കാണാൻ മുത്തശ്ശിക്ക് ടിക്കറ്റ് ഫ്രീ

ബര്‍മിങ്ഹാം: ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചൊവ്വാഴ്ച ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ താരമായത് 87-കാരിയായ ഒരു അമ്മൂമ്മ. ഇന്ത്യയുടെ മത്സരം കാണാന്‍ തുടക്കം മുതല്‍ സ്റ്റേഡിയത്തിലുണ്ടായിരുന്ന ചാരുലത പട്ടേല്‍ ആണ് കളിയിലുടനീളം ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

പ്രായം വകവെക്കാതെ സ്റ്റേഡിയത്തില്‍ യുവ ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ടീമിനുവേണ്ടി കൈയ്യടിക്കുകയും കുഴലൂതുകയും ചെയ്യുന്ന അമ്മൂമ്മയുടെ ദൃശ്യങ്ങള്‍ ടെലിവിഷൻ ചാനലുകളില്‍ ലോകമെങ്ങും കണ്ടു. മത്സരശേഷം മൈതാനത്തിനടുത്തെത്തിയും ഇവര്‍ ഇന്ത്യന്‍ ടീമിന്റെ ജയം ആഘോഷിച്ചു.

മൈതാനത്തെ വലിയ സ്‌ക്രീനിൽ ചാരുലത അമ്മൂമ്മയെകണ്ട ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കളിക്കുശേഷം ഇവരുടെ സമീപത്തെത്തി. ചാരുലതയുടെ കാലിൽ തൊട്ട്  അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളും പിന്നീട്  കോലി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ക്രിക്കറ്റിനോട് ഇത്രയും പാഷനും സമര്‍പ്പണവുമുള്ള ഒരു ആരാധികയെ ഇന്നേവരെ കണ്ടിട്ടില്ലെന്ന് കോലി പറഞ്ഞു. "പ്രായം വെറും അക്കങ്ങള്‍ മാത്രമാണ്. അവരുടെ അനുഗ്രഹത്തോടെ അടുത്ത കളിയിലേക്ക്..."  കോലി ട്വീറ്റ് ചെയ്തു.

ചാനൽ അവതാരകർ ചാരുലത അമ്മൂമ്മയുമായുള്ള പ്രത്യേക അഭിമുഖവും എടുത്തു. ഇന്ത്യന്‍ ടീമിനെ താന്‍ അത്രയുമധികം ഇഷ്ടപ്പെടുന്നുവെന്നും എല്ലാ കളിക്കാരും തന്റെ കുട്ടികളെപ്പോലെയാണെന്നും അവര്‍ പറഞ്ഞു.

ഇതോടെ ചാരുലത അമ്മൂമ്മ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റും ഇവരുടെ വീഡിയോ വൈറൽ ആവുകയാണ്. 

ഇതിനിടെ, ചാരുലത  മുത്തശ്ശിയുടെ ക്രിക്കറ്റ് പ്രേമത്തിന് പിന്തുണയുമായി  മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. ഇന്ത്യന്‍ ടീമിന്‍റെ ഇനിയുള്ള മത്സരങ്ങള്‍ നേരിട്ട് കാണാൻ മുത്തശ്ശിക്ക് ടിക്കറ്റുകള്‍ നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്. 

"ക്രിക്കറ്റ് ആരാധകനായ ഞാന്‍ കാണുന്ന മത്സരങ്ങളിലൊന്നും ഇന്ത്യ ജയിക്കാറില്ല. അതിനാല്‍ തന്നെ ഇന്ത്യയുടെ കളി ടിവിയില്‍ കാണാതെ സ്കോര്‍ മാത്രം അറിയുന്നതാണ് പതിവ്.  എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ കുറച്ചുസമയം ടിവി കാണാനിടയായി. അപ്പോഴാണ് സ്ക്രീനില്‍ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്ന മുത്തശ്ശി കൗതുകമുണര്‍ത്തിയത്"- ആനന്ദ് മഹീന്ദ്ര പറഞ്ഞു.