• 26 Aug 2019
  • 02: 52 AM
Latest News arrow

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം: വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്ന് സുപ്രീംകോടതി

കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് കോടതി

ന്യൂദല്‍ഹി: ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കട്ടച്ചിറ, വരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കവേയാണ്  ഉന്നത നീതിപീഠം സർക്കാരിനെ വിമർശിച്ചത്.

സുപ്രീം കോടതി വിധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ കുമാർ മിശ്ര നിരീക്ഷിച്ചു. വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്ക്കുമെന്നും ജസ്റ്റിസ്  മിശ്ര മുന്നറിയിപ്പ് നല്‍കി. ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു.

കേരള സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോ എന്ന് ചോദിച്ച കോടതി, വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.  ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഏറെ ക്ഷുഭിതനായാണ് ജസ്റ്റിസ് അരുൺ കുമാർ മിശ്ര കോടതിയില്‍ പ്രതികരിച്ചത്.