• 27 May 2020
  • 08: 37 PM
Latest News arrow

വറ്റി വരണ്ട് ചെന്നൈ: ദുരിതം വിവരിച്ച് ചിത്രയും പ്രിയദര്‍ശനും

രൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് ജീവിതമാകെ തകിടം മറിഞ്ഞ ചെന്നൈക്കാരുടെ ദുരിതം വിവരിച്ച് ഗായിക ചിത്രയും സംവിധായകന്‍ പ്രിയദര്‍ശനും രംഗത്ത്. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോഴത്തെ ചെന്നൈയുടെ അവസ്ഥയാണ് സ്വകാര്യ ചാനലിനോടായി പറഞ്ഞത്.
മരുഭൂമിയുടെ നടുവില്‍ നില്‍ക്കുന്നത് പോലെയാണ് ചൈന്നെയിലെ വാസം. വെള്ളമുണ്ടാകില്ലെന്ന് അറിയുമെങ്കിലും ഇത്രത്തോളം സ്ഥിതി മോശമാകുമെന്ന് കരുതിയിരുന്നില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. 

ചെന്നൈ നഗരത്തിലേക്കു വെള്ളമെടുത്തിരുന്ന നാലു തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ചിലയിടത്തു ഒരു ശതമാനം വെള്ളം ബാക്കിയുണ്ട്. ചെന്നൈയില്‍ മണ്‍സൂണ്‍ എത്താന്‍ 65 ദിവസമെങ്കിലും ബാക്കിയുണ്ടെന്ന കാര്യം ഓര്‍ക്കുമ്പോള്‍ അറിയാതെ ഞെട്ടിപ്പോകും. മഴ പെയ്താലും ഇവ നിറയുമെന്നും കുടിക്കാനായി വെള്ളം ബാക്കിവയ്ക്കുമെന്നും ഇനി പറയാനാകില്ല. കഴിഞ്ഞ പ്രളയത്തിനു നിറഞ്ഞൊഴുകിയ തടാകങ്ങളാണിവയെല്ലാം. കഴിഞ്ഞവര്‍ഷം ഒന്നാം നിലവരെ കയറിയെത്തിയ വെള്ളത്തെ പ്രതിരോധിക്കാനാകാതെ നോക്കിനിന്നു. ഇപ്പോള്‍ പൊലീസ് കാവലുണ്ടെങ്കിലേ വെള്ളം വിതരണം ചെയ്യാനാകൂ എന്നായി അവസ്ഥ. രണ്ടു സമയത്തും കുടിവെള്ളമില്ലതാനും. എന്റെ വീടും സ്റ്റുഡിയോയും നില്‍ക്കുന്ന സ്ഥലത്തിനു ലേക് ഏരിയ എന്നാണു പറയുന്നത്. പണ്ടവിടെ വലിയ തടാകമുണ്ടായിരുന്നു. കെട്ടിടമുണ്ടാക്കുമ്പോള്‍ കോണ്‍ക്രീറ്റ് കാല്‍ ഉറപ്പിക്കാന്‍ 30 അടി താഴ്ത്തിയപ്പോള്‍ വെള്ളം വന്നതിനെത്തുടര്‍ന്നു പണി നിര്‍ത്തിവയ്‌ക്കേണ്ടി വന്നത് എനിക്കോര്‍മയുണ്ട്. പ്രിയദര്‍ശന്‍ പറയുന്നു.
ഇപ്പോള്‍ സമയം സന്ധ്യയായിട്ടേയുള്ളൂ. ഈ കടന്നുപോകുന്ന വഴിയില്‍ പലയിടത്തും കുടങ്ങള്‍ നിരത്തിയിരിക്കുന്നത് വെളുപ്പിനു മൂന്നോ നാലോ മണിക്കു വരുന്ന ടാങ്കര്‍ ലോറിയെ കാത്താണ്. ഒരു കുടുംബത്തിനു 5 കുടം വെള്ളമാണു നല്‍കുന്നതെന്ന് െ്രെഡവര്‍ പറയുന്നു. ചിലയിടത്തു വെള്ളം തികയാതെ തൊട്ടടുത്ത ടാങ്കറിനു ടോക്കണ്‍ നല്‍കുന്നു. കാത്തുനിന്നാലും വെള്ളം കിട്ടുമെന്നുറപ്പില്ല. പലയിടത്തും പൈപ്പില്‍ വെള്ളം വരുന്നത് എത്രയോ ദിവസം കൂടിയാണ്. എല്ലാ വീട്ടിലും ഒരാള്‍ ഉറങ്ങാതിരിക്കും. മുറ്റത്തെ ടാങ്കിലേക്കു വെള്ളം വീണാലുടന്‍ മോട്ടര്‍ ഓണ്‍ ചെയ്യണം.

എന്നാലേ,  മറ്റു ടാങ്കുകളിലേക്കു നിറയ്ക്കാനാകൂ. കുടവുമായി കാത്തുനില്‍ക്കുന്ന ആരും ഉറങ്ങുന്നില്ല. കുട്ടികള്‍ ഉറക്കംതൂങ്ങിയാണു സ്‌കൂളുകളിലെത്തുന്നത്. ജീവിതമാകെ, തകിടം മറിഞ്ഞിരിക്കുന്നു. ചെന്നൈയില്‍ വെള്ളവുമായി ടാങ്കറുകള്‍ ഓട്ടമത്സരം തുടങ്ങിയിട്ടു 10 വര്‍ഷമേയായിട്ടുള്ളൂ. കേരളത്തില്‍ മണല്‍ ടിപ്പറുകള്‍ ഇടിച്ചു ജനം മരിക്കുന്നതുപോലെ, ഇവിടെ ടാങ്കറുകളിടിച്ചു ജനം മരിക്കുന്നു. കിട്ടിയ വെള്ളം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ഭ്രാന്തന്‍ ഓട്ടമാണ്.
എന്റെ വീട്ടില്‍ വെള്ളംകൊണ്ടുവരുന്ന ലോറിക്കാരന്‍ പറഞ്ഞു, മൂന്നു ദിവസം ക്യൂ നിന്നിട്ടാണു വെള്ളം കിട്ടിയതെന്ന്. അത്യപൂര്‍വമായി കിണറുകളുള്ള സ്ഥലങ്ങളില്‍, അതു താഴിട്ടു പൂട്ടിയിരിക്കുന്നു. പലയിടത്തുനിന്നും, രാത്രി പാത്തും പതുങ്ങിയുമാണ് സ്വകാര്യ ടാങ്കറുകള്‍ വെള്ളം നിറയ്ക്കുന്നത്. നഗരത്തിലെ പല ഫ്‌ലാറ്റുകളില്‍ നിന്നും ജനം ഒഴിഞ്ഞുതുടങ്ങി. 12,000 ലീറ്റര്‍ വെള്ളത്തിനു 5000 രൂപയാണ്. അതും 10 ദിവസമെങ്കിലും കാത്തിരിക്കണം. ഇടത്തരം കുടുംബത്തിന് ഇത്രയേറെ വെള്ളം പണംകൊടുത്തു വാങ്ങാനാകില്ലെന്നും സംവിധായകന്‍ വിവരിക്കുന്നു. 
വെള്ളം വരുന്നോണ്ടോന്നറിയാന്‍ എപ്പോഴും ഒരു ചെവി തുറന്ന് വെക്കണമെന്നാണ് ഗായിക ചിത്ര  പറയുന്നത്. വീട്ടിലൊരു കുഴല്‍ക്കിണറുണ്ട്. അത്യാവശ്യം വെള്ളം അതില്‍നിന്നു കിട്ടുന്നത് കുറച്ചു വര്‍ഷമായി മഴവെള്ളസംഭരണി അതുമായി ബന്ധിപ്പിച്ചതുകൊണ്ടു മാത്രമാണ്. അതു ചെയ്യാത്ത കുഴല്‍ക്കിണറുകള്‍ പലതും വറ്റിപ്പോയെന്നു പലരും പറയുന്നുണ്ടെന്ന് ചിത്ര ഓര്‍മ്മപ്പെടുത്തുന്നു. 
ഏതു സമയത്താണു പൈപ്പില്‍ വെള്ളംവരുന്നത് എന്നറിയില്ല. ഉറങ്ങുമ്പോഴും മനസ്സുവിട്ടുറങ്ങാനാകില്ല. പൈപ്പില്‍ വെള്ളം ഇറ്റുവീഴുന്ന ശബ്ദംകേട്ടാല്‍ ഓടിച്ചെന്നു ടാങ്കുകള്‍ നിറയ്ക്കണം. എപ്പോഴും ഒരു ചെവി പൈപ്പില്‍ വെള്ളംവരുന്ന ശബ്ദമുണ്ടോ എന്നതിനായി തുറന്നുവയ്ക്കണം. ജോലിക്കു വരുന്ന പലരും പറയുന്നത് രാത്രി ഉറങ്ങാറില്ല എന്നാണ്. രണ്ടുപേര്‍ കണ്ടുമുട്ടിയാല്‍ ആദ്യം പറയുന്നതു വെള്ളത്തെക്കുറിച്ചാണ്. 
പണം കൊടുത്താല്‍പോലും വെള്ളം കിട്ടാനില്ല. ഉണ്ടായാലല്ലേ വിതരണം ചെയ്യാനാകൂ. ഉള്ള വെള്ളം വീതിച്ചു കൊടുക്കുകയാണ്. ഓരോ ദിവസവും അതിന്റെ അളവു കുറഞ്ഞുവരുന്നു. ഞാന്‍ ഇവിടെ ജീവിച്ചുതുടങ്ങിയ കാലത്തു വെള്ളത്തിന്റെ സമൃദ്ധിയായിരുന്നു. വെള്ളം ചോദിച്ചാല്‍ ഉടന്‍ എത്ര വേണമെങ്കിലും ടാങ്കറില്‍ അടിച്ചു തരുമായിരുന്നു.  മഴയിങ്ങനെ പെയ്യാതിരുന്നാല്‍ ഇതെവിടെ ചെന്നെത്തുമെന്നറിയില്ല. എല്ലാവര്‍ക്കും വെള്ളംതേടി നാടുവിടാനാകില്ലല്ലോ. ചിത്ര പ്രതികരിച്ചു.

Editors Choice